ഇടുക്കി : സാമ്പത്തിക ഇടാപാടിനെ തുടർന്ന് തൊടുപുഴയിൽ ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ നിർണായകമായ തെളിവായി ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കോർഡ്. പ്രതിയുടെ ഫോണിൽ നിന്ന് തന്നെയാണ് കോൾ റെക്കോർഡ് കിട്ടിയത്. ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ ‘ദൃശ്യം -4’ നടത്തിയെന്ന് പറഞ്ഞതായും പൊലീസ് കണ്ടെത്തി. ജോമോൻ വിളിച്ച ആളുകളുടെയും മൊഴി പോലീസ് ഉടൻ എടുക്കും .
ഫോണിൽ നിന്ന് ലഭിച്ച റെക്കോർഡിന്റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റും നടത്തും. അതേസമയം ജോമോനെ കസ്റ്റഡിയിൽ വീണ്ടും വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകി. ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തെപ്പറ്റി ജോമോന്റെ ഭാര്യക്കും അറിവുണ്ടായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ജോമോന്റെ ഭാര്യയെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കാനാണ് സാധ്യത. അതേസമയം കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും.