തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. ഇന്നത്തെ കാലത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകുന്നതിന് കാരണമാകും. രാജ്യത്തെ മറ്റിടങ്ങളിലും സ്വകാര്യ സര്‍വകലാശാലകള്‍ ഉളളതിനാല്‍ കേരളത്തിന് മാറിനില്‍ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും മന്ത്രി തുറന്നടിച്ചു. ടി പി ശ്രീനിവാസനോട് എന്തിന് മാപ്പ് പറയണം. ആ കാലഘട്ടത്തില്‍ എടുക്കേണ്ട നിലപാട് അന്ന് എടുത്തു, ഇതിനകം ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വകാര്യ സര്‍വകലാശാല യാഥാര്‍ത്ഥ്യമായിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സര്‍വകലാശാല എന്നും മന്ത്രി പറഞ്ഞു.
കാലാനുസൃതമായി പിടിച്ചുനില്ക്കണമെങ്കില് സ്വകാര്യ സര്‍വകലാശാലയുമായി മുന്നോട്ടുപോയേ പറ്റൂ. സിപിഐ സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തിട്ടില്ല ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്. സ്വകാര്യ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിര്‍ദ്ദേശത്തില്‍ സിപിഐ വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.