തൃശൂര്‍: സി പി എമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കില്‍ ഇന്നലെ ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധന നടത്തിയിരുന്നു. പാര്‍ട്ടി നല്കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998 ല്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതില്‍ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്.
ഷാർജയിലെ ബഹുനില കെട്ടിടത്തിലെ തീ പിടിത്തത്തിൽ 5 മരണം, 7 പേര് അത്യാഹിത വിഭാഗത്തില്‍
ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഒരു കോടി രൂപ പിന്‍വലിച്ചിരുന്നു. സി പി എം ജില്ലാ സെക്രട്ടറിയാണ് പണം പിന്‍വലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇന്‍കംടാക്സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണത്തിന്റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാന്‍ ഇന്‍കംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നും ഒളിപ്പിക്കാനില്ലെന്ന് സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് വിഷയത്തില്‍ പ്രതികരിച്ചു. ബാങ്ക് ഓഫ് ഇന്ത്യയില്‍ പാര്‍ട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകള്‍. ഇ ഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് സി പി എം നേതാക്കളുടെ ആരോപണം.
അതേസമയം, കരുവന്നൂര്‍ ബാങ്ക് കേസില്‍ ഇ ഡി ചോദ്യം ചെയ്ത സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസില്‍ നിന്നും ആദായനികുതി വകുപ്പും മൊഴി എടുത്തിരുന്നു. തൃശ്ശൂരിലെ സി പി എം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. കൊച്ചിയിലെ ഇ ഡി ഓഫിസിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച് ഇന്നലെ ഇഡിയുടെ ചോദ്യം ചെയ്യല്‍ നടന്നിരുന്നു.
ഈ വേളയിലാണ് ഇഡി ഓഫീസിലെത്തി ആദായ നികുതി വകുപ്പും വിവരങ്ങള്‍ ശേഖരിച്ചത്. സിപിഎം പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ദേശസാല്‍കൃത ബാങ്കില്‍ ഐ ടി വിഭാഗം ഇന്നലെ പരിശോധനയും നടത്തിയിരുന്നു. ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് ഇ ഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. മുന്‍ എം പി പി കെ ബിജു, എം കെ കണ്ണന്, എ സി മൊയ്തീന് എന്നിവരെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ ഫോണ്‍ ഇ ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.