കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക സി.പി.എം പ്രവർത്തകനും സിനിമ മേക്കപ്പ് കലാകാരനുമായ സുബ്രഹ്മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സുബ്രഹ്മണ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ചെങ്ങമനാട് പൊലീസ് കേസിൽ എഫ്ഐആർ തയ്യാറാക്കിയതോടെയാണ് സുബ്രഹ്മണ്യൻ ഒളിവിൽ പോയത്. സിപിഎം ഇയാളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് പ്രാദേശികമായി കോൺഗ്രസ് അടക്കം കുട്ടിയുടെ കുടുംബവും മുന്നോട്ടുവന്നിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി സുബ്രഹ്മണ്യനെ പുറത്താക്കി.
ഇന്ന് ചെങ്ങമനാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. നാലു വയസുകാരിയെ പീഡിപ്പിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടിയുടെ പിതാവിനെ സുബ്രഹ്മണ്യനും കുടുംബവും ചേർന്ന് മർദിച്ചുവെന്നാരോപണവുമുണ്ട്. സുബ്രഹ്മണ്യൻ സിനിമ മേക്കപ്പ് കലാകാരൻമാരുടെ സംസ്ഥാനതല ഭാരവാഹിയുമാണ്.