- താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്ന് പിവി അൻവർ എംഎൽഎ. എന്നാൽ അതിന് സമയമായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ പൊതുയോഗങ്ങളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. താൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സർക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. തനിക്കെതിരെ ഇനിയും കേസുകൾ വരുമെന്നും അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
- പി.വി അൻവറിനെതിരായ പരാതിയിൽ കേസെടുത്തത് ഉന്നത ഇടപെടലിനെ തുടർന്ന്. ഈ മാസം അഞ്ചിന് കോട്ടയം സ്വദേശി തോമസ് പീഡിയാനിക്കൽ നൽകിയ പരാതിയിൽ ഈ മാസം 29 നാണ് കേസെടുത്തത്. അൻവറിന് എൽഡിഎഫ് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. ഡിജിപിക്കാണ് കോട്ടയം സ്വദേശി പരാതി നൽകിയത്.പി.വി അൻവർ ഫോൺ ചോർത്തിയിട്ടില്ലെന്നാണ് ഡിജിപിയുടെ തലത്തിൽ നടന്ന സമാനമായ മറ്റൊരു കേസിലെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഫോൺ കോൾ ചോർത്തുകയല്ല, സംഭാഷണം റിക്കോർഡ് ചെയ്തുവെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു അൻവറിൻ്റെ മൊഴി.
- സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി പദത്തിൽ ആർക്കും താത്കാലിക ചുമതലയില്ല. പകരം സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററായി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നിയമിക്കാൻ ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റിയിൽ തീരുമാനിച്ചു. 24ാം പാർട്ടി കോൺഗ്രസ് വരെയാണ് നിയമനം. പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും. സ്ഥിരം ജനറൽ സെക്രട്ടറിയെ പാർട്ടി കോൺഗ്രസിൽ തെരഞ്ഞെടുക്കാം എന്ന നിലപാട് പല അംഗങ്ങളും പിബിയിലും കേന്ദ്രകമ്മിറ്റിയലും നിലപാടെടുത്തു.
- ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിദ്ദിഖിൻ്റെ കേസ് അന്വേഷിക്കുന്ന എസ്ഐടിയാണ് സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. സമ്മർദ്ദ തന്ത്രത്തിൻ്റെ ഭാഗമായാണ് ഷഹീൻ്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.നാഹി, പോൾ എന്നിവരെയാണ് തൈക്കൂടത്തെയും മറൈൻ ഡ്രൈവിലെയും ഫ്ലാറ്റുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോസ്റ്റൽ എസ്.പിയുടെ ഓഫീസിലെത്തിച്ച് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. ഇവരെ മൊഴിയെടുക്കാനാണ് കൊണ്ടുവന്നതെന്നും നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചെന്നും എസ്ഐടി വ്യക്തമാക്കി.
- സംസ്ഥാനത്ത് ഇന്ന് മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, ഒക്ടോബർ 01, 02 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിർദ്ദേശം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
- നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടിയ വിവരം അറിയിച്ച് എം ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയതെന്നും മന്ത്രി അറിയിച്ചു. 2024ലെ നഗരഭരണ ഇൻഡക്സ് പ്രകാരം കേരളം 59.31 മാർക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
- തിരുവനന്തപുരത്ത് വീണ്ടും ആശങ്കയുയർത്തി അമീബിക്ക് മസ്തിഷ്കജ്വരം. രണ്ട് പേർക്ക് കൂടി ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇരുവർക്കും രോഗം പിടിപ്പെട്ടത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. രോഗബാധ ആവർത്തിക്കുമ്പോഴും ശാസ്ത്രീയ പഠനമൊന്നും ഇതുവരെയും തുടങ്ങിയിട്ടുമില്ല. സാധാരണ അമിബീക് മസ്തിഷ്ക ജ്വരം പിടിപെടുന്ന സാഹചര്യമൊന്നുമില്ലാത്തവർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
- ജമ്മുവിൽ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തളർച്ച അനുഭവപ്പെട്ട ഖർഗെയെ ഒപ്പമുണ്ടായിരുന്നവർ താങ്ങിപ്പിടിച്ച് കസേരയിലിരുത്തി. ഖർഗെയ്ക്ക് പ്രസംഗം മുഴുമിപ്പിക്കാൻ സാധിച്ചില്ല. പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദ്ദം താഴ്ന്നതാണ് കാരണമെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ പറഞ്ഞു.
- തമിഴ്നാടിന്റെ മൂന്നാമത് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനെ നിയമിച്ചതിന് പിന്നാലെ ഡിഎംകെ മന്ത്രിസഭ പുനസംഘടിപ്പിച്ചു. കായിക–യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ.രവി, പുതിയതായി മന്ത്രിസഭയിൽ എത്തുന്നവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിയായി സെന്തിൽ ബാലാജി, ഗോവി ചെഴിയൻ, ആർ. രാജേന്ദ്രൻ, എസ്.എം.നാസർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
- തുടർച്ചയായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ 112 പേർ മരിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ വൻ നാശനഷ്ടമാണുണ്ടായത്.
- സ്പാനിഷ് ലാലിഗയിൽ ബാർസിലോനയ്ക്ക് ആദ്യ തോൽവി. ഒസാസുന രണ്ടിനെതിരെ നാലു ഗോളുകൾക്കാണു ബാർസിലോനയെ തകർത്തത്.എട്ടിൽ ഏഴു കളികളും ജയിച്ച ബാർസിലോന 21 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള റയൽ മഡ്രിഡിന് 17 പോയിന്റുണ്ട്. അഞ്ച് വിജയവും രണ്ട് സമനിലകളുമുള്ള റയൽ ഇതുവരെ ഒരു കളിയും തോറ്റിട്ടില്ല.
ഇന്നത്തെ വാര്ത്തകള്
താൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല ; പി വി അന്വര്
Leave a comment
Leave a comment