ബംഗളൂരു: ബെംഗളൂരുവിൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ബിഹാർ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസം കെ ആർ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം. എറണാകുളത്തു ജോലി ചെയ്തിരുന്ന യുവതി തിരികെ വീട്ടിലേക്കു മടങ്ങവെയാണ് അതിക്രമം നടന്നത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സഹോദരനൊപ്പം ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു രണ്ടു ഓട്ടോ ഡ്രൈവർമാർ ബൈക്ക് തടഞ്ഞു നിർത്തിയത്. സംഭവത്തിൽ കർണാടകയിലെ കോലാർ സദേശികളായ ആസിഫ്, സയ്യിദ് മുഷാർ എന്നിവരാണ് മഹാദേവപുര പോലീസ് അറസ്റ്റ് ചെയ്തത്.
വാഹനം തടഞ്ഞു നിർത്തിയ അക്രമികളിൽ ഒരാൾ സഹോദരനെ തടഞ്ഞു വെക്കുകയും മറ്റൊരാൾ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സഹോദരൻ തിരികെ റോഡിലേക്ക് ഓടിയെത്തി ആളുകളോട് വിവരം പറഞ്ഞു. നാട്ടുകാർ ചേർന്നാണ് യുവതിയെ അക്രമികളിൽ നിന്ന് രക്ഷിച്ചത്. അക്രമികളെ നാട്ടുകാർ തന്നെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
കൊച്ചിയിൽ ദിവസക്കൂലിക്ക് ജോലി ചെയ്ത് വരികയായിരുന്ന യുവതി ബിഹാറിലേക്ക് മടങ്ങുകയായിരുന്നു. ബെംഗളൂരുവിൽ ഇവരുടെ അമ്മയുടെ സഹോദരിയുണ്ട്. അതുകൊണ്ട് ബെംഗളൂരുവിലിറങ്ങി ഒരു ദിവസം താമസിച്ച്, അവിടെ നിന്ന് പറ്റ്നയിലേക്ക് പോകാനായിരുന്നു തീരുമാനം. പുലർച്ചെയായതിനാൽ ഇവരെ കൂട്ടാനായി അമ്മയുടെ സഹോദരിയുടെ മകൻ റെയിൽവേ സ്റ്റേഷനിൽ കാത്ത് നിന്നിരുന്നു.