കൊൽക്കത്ത: പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച ആർ.ജി കർ സർക്കാർ ആശുപത്രിയിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ സമരം നടത്തുന്നതിനിടെ പുതിയ സംഭവം.
ആശുപത്രിയിൽ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വാഹനാപകടത്തിൽ പരിക്കേറ്റയാളുമായി എത്തിയ പ്രതി ചികിത്സ വൈകിപ്പിച്ചെന്നാരോപിച്ച് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർമാരെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി.
സംഭവം നിഷേധിച്ച പ്രതി താൻ ഡോക്ടർമാർക്ക് നേരെ വധഭീഷണി മുഴക്കിയിട്ടില്ലെന്ന് അവകാശപ്പെട്ടു. ഇന്നലെ പുലർച്ചെ 1.50ഓടെയാണ് സംഭവം. സത്യരഞ്ജൻ മഹാപത്ര എന്നയാൾ റോഡപകടത്തിൽ പരിക്കേറ്റ രോഗിയുടെ ചികിത്സക്കായി ആശുപത്രിയിലെ ട്രോമ കെയർ യൂണിറ്റിൽ എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചികിത്സ വൈകുന്നതിനെ ചൊല്ലി ഡോക്ടർമാരും രോഗിയുടെ കൂടെ ഉള്ളവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മഹാപത്രയെ തടഞ്ഞുവെക്കുകയും പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പിന്നീട്, ആശുപത്രി പ്രിൻസിപ്പൽ താല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.