പുതിയ രാഷ്ട്രീയ സമവാക്യത്തിന് പാലക്കാടിന്റെ മണ്ണില്‍ തുടക്കം കുറിച്ചിരിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ നടന്ന പാതിരാ പരിശോധനയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്നലെ നടത്തിയ നാടകം ആര്‍ക്കുവേണ്ടിയായിരുന്നു..? വര്‍ഗീയവാദികള്‍ക്ക് എതിരെയാണ് മതേതര പോരാട്ടം ഞങ്ങള്‍ നടത്തുന്നത്. സിപിഐഎം ബിജെപി നേതാക്കളെ ബോധപൂര്‍വ്വം ഒരു സംഘര്‍ഷം സ്യഷ്ടിക്കാന്‍ പറഞ്ഞുവിട്ടു, ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ കെപിഎം ഹോട്ടലിലേക്ക് എത്തിച്ച് എന്ത് നീക്കത്തിനാണ് സിപിഐഎമ്മും ബിജെപിയും നേതൃത്വം നല്‍കിയത്..?, ബിജെപിയുടെ സിപിഐഎമ്മിന്റെ ഒന്നാം രണ്ടാം നിര നേതാക്കള്‍ ഇന്നലെ എവിടെയായിരുന്നു എന്നും രാഹുല്‍ ചോദ്യമുന്നയിച്ചു.
കേരളത്തിലെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ പങ്കും ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു. സാധാരണ രീതിയിലുള്ള പരിശോധനയാണെങ്കില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം എന്തുകൊണ്ടാണ് ഉണ്ടാകാതെ പോയത്..?, കോണ്‍ഗ്രസ് അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. വനിതാ നേതാക്കളുടെ മുറിയിലേക്ക് അതിക്രമിച്ചു കയറുന്ന സാഹചര്യമാണ് ഉണ്ടായതെന്നും രാഹുല്‍ ആരോപിച്ചു.
വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചപ്പോഴാണ് അതിനെ എതിര്‍ത്തത്. എന്നിട്ടും ഒടുവില്‍ പരിശോധന നടത്തിയിട്ട് ഒരു രൂപയുടെ പോലെ കള്ളപ്പണം ലഭിച്ചില്ല. ഇന്നലെ നടന്ന പരിശോധന മുന്‍കൂട്ടി തയ്യാറാക്കിയ നാടകമായിരുന്നു. ഇതിനുള്ള പ്രതികരണം പാലക്കാട് ജനത പ്രകടിപ്പിക്കുന്നത് ഇവിടുത്തെ ജനവിധിയിലൂടെയാകും. തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.