പുനലൂർ: വ്യാജ ലോട്ടറി നിർമിച്ച് വിറ്റ കടയുടമ അറസ്റ്റിൽ. ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറി ടിക്കറ്റുകളുടെ കളർ പകർപ്പെടുത്ത് വിൽപ്പന നടത്തിയ ലോട്ടറിക്കടയുടമയാണ് അറസ്റ്റിലായത്. പുനലൂർ ടി.ബി.ജങ്ഷനിൽ അൽ ഫാനാ ലക്കി സെന്റർ ഉടമ വാളക്കോട് ടി.ബി.ജങ്ഷൻ കുഴിയിൽവീട്ടിൽ ബൈജു ഖാൻ (38) ആണ് അറസ്റ്റിലായത്. പുനലൂർ താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും ഡി.വൈ.എഫ്.ഐ. പുനലൂർ നോർത്ത് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയുമാണ് ബൈജു. പകർപ്പെടുത്ത് വിൽപ്പന നടത്തിയ ചില ടിക്കറ്റുകൾക്ക് സമ്മാനം കിട്ടിയപ്പോൾ അസൽ ടിക്കറ്റ് നൽകിയ ലോട്ടറി സെന്റർ ഉടമ പോലീസിൽ പരാതി നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ടി.ബി.ജങ്ഷനിൽ പ്രവർത്തിക്കുന്ന ചക്കുളത്തമ്മ ലക്കി സെന്ററിൽനിന്ന് 2024 ഡിസംബർ ഏഴുമുതൽ 24 വരെ മൊത്തമായി ടിക്കറ്റുകൾ വാങ്ങിയിരുന്നെന്ന് പോലീസ് പറയുന്നു. നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ പാലക്കാട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഏജൻസിയിലേക്ക് വിളിച്ച് ടിക്കറ്റുകൾ കളർ പകർപ്പാണെന്ന് അറിയിച്ചു. തുടർന്ന് ലക്കി സെന്റർ ഉടമ സുഭാഷ് ചന്ദ്രബോസ് പോലീസിൽ പരാതി നൽകിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ചറിഞ്ഞത്. അന്വേഷണത്തിൽ ലക്കി സെന്ററിൽനിന്ന് വിൽപ്പന നടത്തിയ XH 107154 എന്ന ടിക്കറ്റിന്റെയും പത്തനാപുരം പുന്നലയിലുള്ള ലോട്ടറിക്കടയിൽനിന്ന് വിൽപ്പന നടത്തിയ XE 134183 എന്ന ടിക്കറ്റിന്റെയും കളർ പകർപ്പുകൾ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു.