തമിഴക ഭരണകൂടത്തെയും സകല രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെയും ഞെട്ടിച്ചുകൊണ്ട് വലിയ മുന്നേറ്റമാണ് നടൻ വിജയ് തമിഴ്നാട്ടിൽ നടത്തുന്നത്. തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള സിനിമാതാരം എന്ന നിലയില്‍ നിന്നും രാഷ്ട്രീയത്തിലും ഏറ്റവുമധികം പിന്തുണയുള്ള താരമെന്ന നിലയിലേക്കാണിപ്പോള്‍ വിജയ് വളര്‍ന്നിരിക്കുന്നത്.
തമിഴ്നാട്ടില്‍ വിജയ് ഭരണം പിടിക്കുമെന്ന അഭ്യൂഹം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ പത്ത് ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതും തമിഴ്നാട്ടിലെ പരന്തൂരിലെ വിമാനത്താവളത്തിന് എതിരായ പോരാട്ടം വിജയ് ഏറ്റെടുത്തതും, കര്‍ഷകരെ നേരിട്ട് സന്ദര്‍ശിച്ചതുമെല്ലാം, തമിഴ്നാട് സര്‍ക്കാരിനും ഡിഎംകെ നേതൃത്വത്തിനും കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമായ സ്പെയ്സിലേക്കാണ് വിജയ് കടന്നുകയറുന്നത്. കാഞ്ചീപുരം ജില്ലയിലുള്ള പരന്തൂര്‍ എന്ന കര്‍ഷക ഗ്രാമത്തില്‍, കഴിഞ്ഞ ആയിരത്തിലധികം ദിവസമായി ഗ്രാമീണരായ കര്‍ഷകര്‍ വലിയ സമരത്തിലാണ്. ഒരു രാഷ്ട്രീയ നേതാവും ഇതുവരെ ആ സമരത്തെയും ആ ജനതയെയും തിരിഞ്ഞു നോക്കിയിരുന്നില്ല. ആ സമരഭൂമിയിലേക്ക് കടന്ന് വന്നാണ് വിജയ് പ്രതിഷേധത്തിന്റെ വിത്ത് പാകിയിരിക്കുന്നത്. ഇത് പരന്തൂരിലെ കര്‍ഷക സമരം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതിനും കാരണമായിട്ടുണ്ട്.
ഇതോടെ, തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ ഇപ്പോള്‍ വലിയ സ്വീകാര്യതയാണ് നടന് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിന് ഒത്ത എതിരാളിയായി വിജയ് മാറിയതോടെ, അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ട് ഇപ്പോള്‍ വൈ കാറ്റഗറി സുരക്ഷയും ഏര്‍പ്പാടാക്കിയിരിക്കുകയാണ്. വിജയ് വന്‍ പ്രചരണ പരിപാടികളാണ് തമിഴ്നാട്ടില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പര്യടനം നടത്താനും എല്ലാ ജില്ലകളിലും റാലികള്‍ നടത്താനും വിജയ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായും ഇതിനകം തന്നെ വിജയ് ചര്‍ച്ച നടത്തിയിട്ടുണ്ട്. രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന് കിടക്കുന്ന നാടാണ് തമിഴ്നാട്. എം.ജി രാമചന്ദ്രനും ജയലളിതയ്ക്കും മുഖ്യമന്ത്രിമാരാകാമെങ്കില് അവരുടെ അതേ പാതയില്‍, സിനിമാ അഭിനയം നിര്‍ത്തി, രാഷ്ട്രീയത്തിലിറങ്ങിയ ദളപതിക്കും മുഖ്യമന്ത്രിയാകാന്‍ നിസംശയം കഴിയുന്നതേയുള്ളൂ.
വിജയ് മുന്നോട്ടുവെക്കുന്ന ഓരോ ചുവടുകളും ഡിഎംകെ പാളയത്തെ ഏറെ ആശങ്കയിലേക്കാണ് തള്ളിവിടുന്നത്. എം കെ സ്റ്റാലിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന് ഉദയനിധി സ്റ്റാലിനെയാണ് ഡിഎംകെ ഉയര്‍ത്തിക്കാട്ടുന്നത്. നിലവില്‍ ഉദയനിധി ഉപമുഖ്യമന്ത്രി കൂടിയാണ്. സിനിമാ നിര്‍മ്മാതാവായും നടനായും ഉദയനിധി തമിഴ്നാടിന് ഏറെ സുപരിചിതനാണെങ്കിലും വിജയ് ഉണ്ടാക്കിയതിന്റെ ഒരു ചെറിയ ശതമാനം ആരാധകരെ സൃഷ്ടിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
തമിഴ്നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഡിഎംകെയുടെ പിന്‍ബലം തന്നെയാണ് ഉദയനിധിയുടെയും പിന്‍ബലം. ഈ പിന്‍ബലം ഉപയോഗിച്ച് ദളപതിയെ പ്രതിരോധിക്കാന്‍ ഉദയനിധിക്ക് കഴിഞ്ഞില്ലെങ്കില്‍ തമിഴ്നാടിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറും. മുന്‍പ് സൂപ്പര്‍ താരങ്ങളായിരുന്ന എം.ജി രാമചന്ദ്രനും ജയലളിതയും രാഷ്ട്രീയത്തിലിറങ്ങിയ ശേഷം തമിഴ്നാട് ഭരണം പിടിച്ചവരാണ്. എം.ജി. ആര് മുഖ്യമന്ത്രി എന്ന നിലയിലും ജനഹൃദയങ്ങളില്‍ ഇടംനേടിയ നേതാവാണ്. എം.ജി.ആറിന് ശേഷം മുഖ്യമന്ത്രിയായ ജയലളിതയും കരുത്തുറ്റ ഭരണാധികാരി എന്ന നിലയില്‍ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.
ജയലളിതയുടെ മരണശേഷം അവരുടെ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ഒടുവില്‍ ഈ പാര്‍ട്ടി പലകഷ്ണങ്ങളായി മാറുന്നതിനും തമിഴകം സാക്ഷ്യം വഹിക്കുകയുണ്ടായി. അണ്ണാ ഡിഎംകെയുടെ തകര്‍ച്ചയാണ് ഡിഎംകെയ്ക്ക് തുടര്‍ഭരണം സാധ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരിയതും ഡിഎംകെ മുന്നണിയാണ്.
പക്ഷേ കാര്യങ്ങൾ ഇപ്പോൾ ഡിഎംകെയ്ക്ക് അനുകൂലമല്ല. വിജയിയുടെ മോഹങ്ങള്‍ തമിഴ്നാട്ടില്‍ പൂവണിയില്ലെന്നും, ആദ്യ തെരഞ്ഞെടുപ്പില്‍ 10 ശതമാനത്തില്‍ കൂടുതല്‍ വോട്ടുനേടുക എളുപ്പമായിരിക്കില്ലെന്നാണ് മറ്റ് രാഷ്ട്രീയ നിരീക്ഷകരുടെ പറയുന്നത്. 2005-ല്‍ വിജയകാന്ത് രൂപവത്കരിച്ച ഡിഎംഡികെ. അതിന് അടുത്ത വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ എട്ട് ശതമാനം വോട്ടാണ് നേടിയത്.
എന്നാല്‍, വിജയ് ഇതിന്റെ ഇരട്ടി വോട്ട് നേടുമെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. അതേസമയം കുട്ടികളുടെ വിഭാഗവും വിജയ് യുടെ പാർട്ടിയായ തമിഴക വെട്രി കഴകം രൂപീകരിച്ചു എന്നതാണ് ടി വി കെയെ സംബന്ധിച്ചടുത്തോളം പുറത്തുവരുന്ന പുതിയ വാർത്ത. 28 പോഷകസംഘടനകളുടെ കൂട്ടത്തിലാണ് ടി വി കെയുടെ കുട്ടികളുടെ വിംഗ് എന്ന പേരുമുള്ളത്.
കുട്ടികളെ ഏത് രീതിയിലാണ് ടി വി കെയുടെ പ്രവർത്തനത്തിൽ സഹകരിപ്പിക്കുക എന്നത് വ്യക്തമല്ല. ഐ ടി , കാലാവസ്ഥാ പഠനം , ഫാക്ട് ചെക്, എന്നിങ്ങനെ വിവിധ വിഭാഗങ്ങളും ടി വി കെ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ , ഭിന്നശേഷിക്കാർ , വിരമിച്ച സർക്കാർ ജീവനക്കാർ , പ്രവാസികൾ എന്നിവർക്കായും പ്രത്യേകം വിഭാഗങ്ങളുണ്ടാകും. തമിഴ് മണ്ണിൽ ഒരു തരംഗമായി മാറുവാൻ നടൻ വിജയിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടിക്കും കഴിയുന്നുണ്ട്. ഈ മുന്നേറ്റം തമിഴ് രാഷ്ട്രീയത്തിൽ ഇതുവരെ കണ്ടു മറന്ന രാഷ്ട്രീയ സമവാക്യങ്ങൾക്ക് അപ്പുറത്തേക്ക് പുതിയൊരു ചരിത്രം സൃഷ്ടിക്കുന്നതാകും. തീർച്ച…