തിരുവനന്തപുരം:മലയാള ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗം നാളെ ചേരാന്‍ സാധ്യത.ക്രൈം ബ്രാഞ്ച് ആസ്ഥാനത്താകും യോഗം.ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.നിലവില്‍ ചൂഷണങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ സ്ത്രീകളുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക.ആരോപണം ഉന്നയിക്കുന്നവര്‍ പരാതിയില്‍ ഉറച്ച് നില്ക്കുകയാണെങ്കില് കേസെടുക്കനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പ്രത്യേക സംഘം പരിശോധിക്കും.മൊഴികൊടുത്തവരെ വീണ്ടും കണ്ടു മൊഴിയെടുക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. മൊഴിയില്‍ സത്രീകള്‍ ഉറച്ചു നിന്ന് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തയ്യാറായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യും. നാല് വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം.ഏതൊക്കെ ജില്ലകളില്‍ നിന്നും ഏതൊക്കെ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തണമെന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും.