തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്റ് കൗൺസിലും പ്രഖ്യാപിച്ച പണിമുടക്ക് സംസ്ഥാനത്ത് തുടങ്ങി. ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും സമരക്കാർ പ്രതിഷേധ പരിപാടികൾ നടത്തുന്നുണ്ട്. സമരത്തെ നേരിടാൻ ഡയസ് നോൺ അടക്കം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഓഫീസുകൾക്ക് പൊലീസ് സംരക്ഷണവും നൽകിയിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും പണിമുടക്കുന്നത് കൊണ്ട് സർക്കാർ ഓഫിസുകൾ ഭൂരിഭാഗവും ഇന്ന് നിശ്ചലമാകും.
സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പെൻഷൻകാരുടെയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും, ക്ഷാമബത്താ കുടിശ്ശികയും, ലീവ് സറണ്ടറും അടക്കം കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി സർക്കാർ നൽകുന്നില്ല. ഇത്രയും വലിയ തുക ജീവനക്കാർക്ക് നൽകാതെ പിടിച്ചു വയ്ക്കുന്നത് ചരിത്രത്തിലാദ്യമാണ്.സംസ്ഥാന സർക്കാരിനായി പണിയെടുക്കുന്ന ജീവനക്കാരും അധ്യാപകരും അതിരൂക്ഷമായ വിലക്കയറ്റത്തേയും, നികുതി വർദ്ധനവിനേയും അതി ജീവിക്കാൻ പാടുപെടുകയാണ്. ഈ സർക്കാർ വന്നതിനു ശേഷം രണ്ട ഗഡു ക്ഷാമബത്തയാണ് അനുവദിച്ചത്. എന്നാൽ 78 മാസത്തിനുള്ള കുടിശ്ശിക നൽകിയിട്ടില്ല. അഞ്ചു വർഷമായി ലീവ് സറണ്ടറും നൽകുന്നില്ല. 2024 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരേണ്ട 12-ാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുന്നതിനുപോലും സർക്കാർ തയ്യാറായിട്ടില്ല. വരുംദിവസങ്ങളിൽ അനിശ്ചിതകാല സമരം ഉൾപ്പെടെ സംഘടനകൾ ആലോചിക്കുന്നുണ്ട്. ഇതിനിടെ കൊല്ലം കളക്ടറേറ്റിനു മുൻപിൽ സിപിഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ നിർമ്മിച്ച സമരപ്പന്തൽ പൊലീസ് പൊളിച്ചത് വാക്കേറ്റത്തിന് ഇടവരുത്തി.