ചണ്ഡീഗഢ്(പഞ്ചാബ്): അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരുമായുള്ള അമേരിക്കയുടെ മൂന്നാമത്തെ വിമാനം പഞ്ചാബിലെ അമൃത്സറില് ഇറങ്ങി.ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
യു.എസ്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര് വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. ഈ വിമാനത്തില്‍ ഉണ്ടായിരുന്നത് 112 പേരാണ്.ഇതില്‍ 44 പേര് ഹരിയാണ സ്വദേശികളും 33 പേര് ഗുജറാത്ത് സ്വദേശികളും 31 പേര് പഞ്ചാബ് സ്വദേശികളും രണ്ടുപേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളുമാണ്. ഹിമാചല്‍ പ്രദേശില്‍നിന്നും ഉത്തരാഖണ്ഡില്‍നിന്നുമുള്ള ഓരോരുത്തരും തിരിച്ചയക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.ഫെബ്രുവരി അഞ്ചിനാണ് നാടുകടത്തപ്പെട്ടവരെയുംകൊണ്ട് ആദ്യത്തെ വിമാനം ഇന്ത്യയിൽ വന്നിറങ്ങിയത്. 104 പേരാണ് അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 116 പേരും ഉണ്ടായിരുന്നു.