വാഷിങ്ടണ്‍: ഗാസയില്‍ ശേഷിക്കുന്ന ബന്ദികളെ ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് വിട്ടയച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞിരുന്നെങ്കിലും അതില്‍ തനിക്ക് സംശയങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രസ്താവന.
‘ശനിയാഴ്ച 12 മണിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത് എനിക്കറിയില്ല. എനിക്ക് കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരും. ഇസ്രായേലിന്റെ നിലപാട് എന്താണെന്നും എനിക്കും പറയാന്‍ സാധിക്കില്ല. ഇസ്രായേലിന്റെ നിലപാട് ബെഞ്ചമിന്‍ നെതന്യാഹു എന്തുചെയ്യാന്‍ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു’വെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ശനിയാഴ്ചയ്ക്കകം ബന്ദികളെ മോചിപ്പിക്കണമെന്നും അല്ലെങ്കില്‍ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെക്കുകയാണെന്ന ഹമാസിന്റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.