അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം ബാക്കി നിൽക്കെ മണ്ഡലത്തിലെ ജനങ്ങളെ കാണാൻ ഇറങ്ങിയിരിക്കുകയാണ് പെരുമ്പാവൂരിലെ സ്ഥലം എംഎൽഎ എൽദോസ് കുന്നപ്പിള്ളി. ഗ്രാമയാത്ര എന്ന പേരിലാണ് മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലും വീടുവീടാന്തരം കയറി ഇറങ്ങിയുള്ള പര്യടനം. തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങളെ തിരിഞ്ഞു നോക്കിയിരുന്നുവെങ്കിൽ ഇപ്പോൾ ഇങ്ങനെ വീടു കേറേണ്ടി വരില്ലായിരുന്നുവെന്ന അപസ്വരമാണ് പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയരുന്നത്.
അതായത് ഗ്രാമ യാത്ര കൊണ്ടൊന്നും സ്ഥലം എംഎൽഎയ്ക്ക് സൽപേര് ലഭിക്കില്ലെന്ന് സാരം. എന്തൊക്കെ യാത്ര നടത്തിയാലും വരുന്ന തെരഞ്ഞെടുപ്പിൽ എൽദോസ് തന്നെ ജനവിധി തേടിയാൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാലും അത്ഭുതപ്പെടാനില്ല. അത്രമേൽ ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും എൽദോസ് കുന്നപ്പിള്ളി വെറുപ്പിച്ചിട്ടുണ്ട്. നാട്ടുകാരുടെയും പ്രവർത്തകരെയും വികാരം കൃത്യമായി മനസ്സിലാക്കുന്ന നേതൃത്വം ആണ് കോൺഗ്രസിന്റെത് എങ്കിൽ എൽദോസിന് സീറ്റ് ലഭിക്കാനുള്ള സാധ്യത തന്നെ ഇല്ല. എൽദോസ് കുന്നപ്പിള്ളിയെ തന്നെ വീണ്ടും മത്സരിപ്പിച്ചാൽ മണ്ഡലം കൈവിട്ടു പോകുമെന്നത് ഏറെക്കുറെ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് വ്യക്തമായി തന്നെ അറിയാവുന്നതാണ്. എംഎൽഎക്കെതിരെ ഉയർന്നുവന്ന പീഡന ആരോപണം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. തിരുവനന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപികയായ യുവതിയാണ് എയുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. കോവളത്ത് വച്ച് യുവതിയെ എംഎൽഎ മർദ്ദിച്ചുവെന്നായിരുന്നു പരാതി. ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എം എൽ എ മർദിച്ചെന്നാണ് പരാതി. സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പോലീസ് സ്റ്റേഷനിലേക്ക് ഫോർവേഡ് ചെയ്യുകയും അവർ അന്വേഷണം ആരംഭിക്കുകയായിരുന്നു. വ്യക്തിപരമായി സൗഹൃദമുള്ള എംഎൽഎ തന്നെ അകാരണമായി മർദ്ദിച്ചൂവെന്നായിരുന്നു യുവതി പരാതി. യുവതി ഉന്നയിച്ച ആരോപണങ്ങളെ എംഎൽഎ നേരിട്ട രീതിയും പാർട്ടിക്ക് കൂടുതൽ തലവേദന സൃഷ്ടിച്ചിരുന്നു. പരാതിക്കാരിക്ക് പുലർച്ചെ എംഎൽഎ അയച്ച വാട്സ്ആപ്പ് സന്ദേശം വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചു. ഉയർന്നുവന്ന പീഡന ആരോപണത്തിന് പുറമേ എംഎൽഎയുടെ പ്രവർത്തനങ്ങളിലും പൊതു ജനങ്ങൾക്ക് അവമതിപ്പാണ് ഉള്ളത്. മണ്ഡലത്തിൽ അടിസ്ഥാന വികസനങ്ങൾ പോലും കൊണ്ടുവരുവാൻ എംഎൽഎക്ക് കഴിഞ്ഞില്ലെന്ന് വ്യാപക വിമർശനമുണ്ട്. ഇപ്പോൾ എൽദോസ് കുന്നപ്പിള്ളി ഗ്രാമയാത്ര എന്ന പേരിൽ പര്യടനം ആരംഭിക്കുന്നത് തന്നെ തന്റെ ശക്തിയും ജനങ്ങൾക്കിടയിൽ ഉള്ള സ്വാധീനവും നേതൃത്വത്തിന് മുന്നിൽ തുറന്നുകാട്ടാനാണ്. എന്നാൽ എൽദോസിന്റെ ശ്രമങ്ങൾ പാഴ്ശ്രമമായി ഭവിക്കുവാൻ ആണ് സാധ്യത.
അടുത്ത തെരഞ്ഞെടുപ്പിലേക്ക് മറ്റു പല പേരുകളും ഏറെക്കുറെ മണ്ഡലത്തിൽ സജീവ ചർച്ചയാകുവാനും തുടങ്ങിയിട്ടുണ്ട്. നിലവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ മനോജ് മൂത്തേടൻ, വീക്ഷണം ദിനപത്രം മാനേജിംഗ് ഡയറക്ടറും എഐസിസി അംഗവുമായ ജയ്സൺ ജോസഫ്, ചാനൽ ചർച്ചകളിലും മറ്റും സജീവമായ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി ഡോ.ജിന്റോ ജോൺ തുടങ്ങിയ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഇവർ മൂന്നുപേരിൽ ആരെ മത്സരിപ്പിച്ചാലും മണ്ഡലം നിലനിർത്തുവാൻ കഴിയുമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു.
മൂന്നുപേർക്കും മണ്ഡലത്തിൽ ഒട്ടേറെ വ്യക്തി ബന്ധങ്ങളും ഉണ്ടെന്നതും ചർച്ചകളിൽ ഇടം നേടുന്നതിന് വഴിയൊരുക്കി. യുവജന വിദ്യാർഥി സംഘടനകളുടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന മനോജ് മൂത്തേടൻ പ്രവർത്തകർക്കിടയിലും പൊതു ജനങ്ങൾക്കിടയിലും വലിയ സ്വീകാര്യതയുള്ള നേതാവാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരുമ്പോൾ അത്രമേൽ ജനകീയത നില നിർത്തുവാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. എ ഗ്രൂപ്പിനൊപ്പം കാലങ്ങളായി നിലകൊള്ളുന്ന മനോജിന് പെരുമ്പാവൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കൃത്യമായ ഇടമുണ്ട്. മുൻപ് എൽദോസ് കുന്നപ്പിള്ളിയും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. അതേ വഴിയിലാണ് മനോജ് മൂത്തേടനും എംഎൽഎ സ്ഥാനത്തേക്കുള്ള യാത്ര തുടരുന്നത്. കെഎസ്യുവിലും യൂത്ത് കോൺഗ്രസിലും എൽദോസിനൊപ്പം മനോജും കട്ടക്ക് ഉണ്ടായിരുന്നു.
കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തെ പി ടി തോമസിന് ശേഷം നയിക്കുന്നത് എഐസിസി അംഗം കൂടിയായ ജയ്സൺ ജോസഫ് ആണ്. കടക്കെണിയിൽ പെട്ടിരുന്ന വീക്ഷണത്തെ കൈപിടിച്ച് ഉയർത്തിയ ജയ്സന്റെ നേതൃപാടവത്തെ കോൺഗ്രസ് നേതൃത്വം വളരെ പോസിറ്റീവായിട്ടാണ് കാണുന്നത്. അത് സ്ഥാനാർത്ഥിത്വത്തിലേക്കും ഉള്ള ജയ്സണിന് അനുകൂല ഘടകമാകും. സമീപകാലത്ത് ചാനൽ ചർച്ചകളിലൂടെ കോൺഗ്രസിന്റെ മുഖമായി മാറിയ ആളാണ് ഡോ. ജിന്റോ ജോൺ. എറണാകുളം ഡിസിസിയുടെ സാംസ്കാരിക മുഖം കൂടിയാണ് ജിന്റോ. സംസ്ഥാനത്തുടനീളം ജിന്റോയ്ക്ക് ഫോളോവേഴ്സ് പോലുമുണ്ട്. യുവത്വത്തിന്റെ പ്രസരിപ്പും ജിന്റോയ്ക്ക് കൂടുതൽ സാധ്യതകൾ നൽകുന്നതാണ്. ഇവർക്ക് പുറമേ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ടി എച്ച് മുസ്തഫയുടെ മകൻ ടി എച്ച് സക്കീർ ഹുസൈന്റെ പേരും സജീവ പരിഗണനയിലുണ്ട്. മുൻപ് പെരുമ്പാവൂർ മുനിസിപ്പാലിറ്റിയെ നയിച്ച അനുഭവപാടവം അദ്ദേഹത്തിന് അനുകൂല ഘടകമാകുന്നുണ്ട്.
അപ്പോഴും എൽദോസിനെ മാറ്റുമ്പോൾ അദ്ദേഹം ഏതുതരത്തിൽ പ്രതികരിക്കും എന്നതിലും നേതൃത്വത്തിന് ആശങ്കകൾ ഉണ്ട്. സമീപകാലത്ത് എറണാകുളം ഡിസിസി പ്രസിഡന്റിനും ജെബി മേത്തർ എംപിക്കും എതിരെ എൽദോസ് കുന്നപ്പിള്ളി വിമർശനങ്ങൾ ഉയർത്തിയിരുന്നു. പിന്നീട് നേതൃത്വം ഇടപെട്ടാണ് പെരുമ്പാവൂരിലെ വിഭാഗീയ വിഷയങ്ങൾ പരിഹരിച്ചത്. എൽദോസിനെ പിണക്കാതെ, അതേസമയം മണ്ഡലം കൈവിട്ടു പോകാതെ നിലനിർത്തുന്നതിനുള്ള വഴികൾ തേടുകയാണ് കോൺഗ്രസ്.