ലക്നൗ: വർഷങ്ങളായി ഡിജിപിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. 76,000 ഫോളോവർമാർ ഉണ്ടായിരുന്ന അക്കൗണ്ടിൽ സ്ഥിരമായി പോസ്റ്റുകൾ ഇടുന്നുണ്ടായിരുന്നു. കൂടുതൽ വിശ്വാസ്യതയ്ക്ക് വേണ്ടി വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള നീല ടിക്കും ഇയാൾ ഉണ്ടാക്കിയ അക്കൗണ്ടിനുണ്ടായിരുന്നു. ഒടുവിൽ അടുത്തിടെ കാണിച്ച ചെറിയൊരു പരിപാടിയിൽ പ്രതി പെട്ടുപോവുകയായിരുന്നു.
ഉത്തർപ്രദേശ് ഡിജിപിയായ പ്രശാന്ത് കുമാറിന്റെ പേരിലാണ് സഹറാൻപൂർ സ്വദേശിയായ 43കാരൻ അമിത് കുമാർ 2022ൽ ഇൻസ്റ്റ അക്കൗണ്ട് ആരംഭിച്ചത്. ഡിജിപി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളൊക്കെ അവിടെ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത് ആളുകളുടെ വിശ്വാസ്യത നേടി. ക്രമേണ പ്രൊഫൈലിലെ ഫോളോവർമാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. ഇതിന് പുറമെയാണ് അക്കൗണ്ട് വെരിഫിക്കേഷന് ലഭിക്കുന്ന ബ്ലൂ ടിക്കും സംഘടിപ്പിച്ചത്.
പിന്നീട് ഡിജിപിയുടെ പേരിൽ യുട്യൂബ് അക്കൗണ്ടും പ്രതി ആരംഭിക്കുകയായിരുന്നു. സബ്സ്ക്രൈബർമാരുടെ എണ്ണം കൂടിയപ്പോൾ അടുത്തിടെയുണ്ടായ ഒരു അപകടത്തെക്കുറിച്ചുള്ള വീഡിയോ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും അതിൽ പരിക്കേറ്റവർക്ക് സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സഹായം സ്വീകരിക്കാനായി വീഡിയോക്ക് ഒപ്പം നൽകിയ ക്യു.ആർ കോഡ് സ്വന്തം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതായിരുന്നു. പലരും ഡിജിപിയുടെ അഭ്യർത്ഥനയാണെന്ന് വിചാരിച്ച് പണം അയക്കുകയും ചെയ്തു. ഈ പണപ്പിരിവിനെ കുറിച്ചുള്ള വിവരം ലഭിച്ചതോടെയാണ് പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതും പിന്നാലെ ഇയാളെ പിടികൂടിയതും. പ്രതിയുടെ ഐഫോൺ ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തു.