മുംബയിൽ 60ാം പിറന്നാൾ ആഘോഷത്തിനിടെ പ്രണയിനിയെ പരിചയപ്പെടുത്തി ആമിർ ഖാൻ. ബംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റ് ആണ് ആമിറിന്റെ പുതിയ പങ്കാളി. വാർത്താ സമ്മേളനത്തിനിടെയാണ് നടൻ തന്റെ കാമുകി ഗൗരിയെ മാദ്ധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയത്. ഗൗരി നിലവിൽ അമീർ ഖാന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ആറു വയസുള്ള ഒരു മകനുള്ള ഗൗരിക്കൊപ്പം ലിവിംഗ് ടുഗദറിലാണെന്നും താരം വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം സൽമാൻഖാനെയും ഷാരൂഖ് ഖാനെയും ഗൗരിയ്ക്ക് പരിചയപ്പെടുത്തി. ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവർ തങ്ങളുടെ ബന്ധത്തിൽ സന്തുഷ്ടരാണെന്നും അമീർ ഖാൻ പറഞ്ഞു. ഗൗരിയുമായി അമീർ ഡേറ്റിങ്ങിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അന്ന് അമീറും താരത്തിന്റെ ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ജുനൈദ്, ഇറ എന്നീ മക്കളുണ്ട്. 2005ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. 2011ൽ ഇരുവരും വേർപിരിഞ്ഞു.