ട്വന്റി 20 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്.ആദ്യമായാണ് അഫ്ഗാനിസ്ഥാന് ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ കടന്നിരിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 17.5 ഓവറില്‍ 105 റണ്‍സില്‍ ഓള് ഔട്ടായി. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റണ്‍സിനാണ് അഫ്ഗാന്റെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തിരഞ്ഞെടുത്തു.ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മെല്ലപ്പോക്കാണ് അഫ്ഗാനെ ചെറിയ സ്കോറില്‍ ഒതുക്കിയത്.ആദ്യ വിക്കറ്റില്‍ 59 റണ്‍സ് പിറന്നു.എങ്കിലും ഇബ്രാഹിം സദ്രാന് 18 റണ്‍സെടുക്കാന്‍ 29 പന്തുകള്‍ വേണ്ടിവന്നു.റഹ്മനുള്ള ഗുര്‍ബാസ് 55 പന്തില്‍ 43 റണ്‍സെടുത്തു പുറത്തായി.അവസാന നിമിഷം ആഞ്ഞടിച്ച ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.10 പന്തില്‍ 19 റണ്‍സുമായി റാഷിദ് പുറത്താകാതെ നിന്നു.മൂന്ന് സിക്സുകള്‍ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

മത്സരത്തില്‍ 12.1 ഓവറില്‍ വിജയലക്ഷ്യത്തിലെത്തിയാല്‍ ബംഗ്ലാദേശിന് സെമി സാധ്യതകളുണ്ടായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇടവിട്ട് പെയ്ത മഴയിലും കടുവകള്‍ വെടിക്കെട്ട് നടത്തി.എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളും വീണുകൊണ്ടിരുന്നു.വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയത് റാഷിദ് ഖാന് തന്നെയാണ്.നാല് വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന് ക്യാപ്റ്റന്‍ ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കി.അഫ്ഗാന് ജയിച്ചതോടെ ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായി.

മത്സരം വിജയിച്ചാല്‍ മാത്രമെ അഫ്ഗാനിസ്ഥാന് സെമിയില്‍ എത്താന്‍ കഴിയുമായിരുന്നുള്ളു.ഇടയില്‍ പെയ്ത മഴയില്‍ ബംഗ്ലാദേശ് വിജയലക്ഷ്യം 19 ഓവറില്‍ 114 ആയി ചുരുങ്ങി.അഫ്ഗാന്റെ ചരിത്ര നേട്ടത്തിന് തടസമായി നിന്നത് ലിട്ടണ്‍ ദാസിന്റെ ബാറ്റിംഗാണ്. ഓപ്പണറായി ഇറങ്ങി അവസാന നിമിഷം വരെ ലിട്ടണ്‍ പോരാടി.എന്നാല്‍ 54 റണ്‍സോടെ പുറത്താകാതെ നിന്ന താരത്തെ നിസഹായനാക്കി അഫ്ഗാന് എട്ട് റണ്‍സ് അകലെ വിജയം കുറിച്ചു.