ലക്നൗ: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് അപകടം. ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച 2.30 ഓടെയാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍20-ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 15 തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്താനായി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
റെയില്‍ സ്റ്റേഷനിലെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം. 35-ഓളം തൊഴിലാളികളാണ് സംഭവസമയത്ത് നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കനൗജ് നിയോജകമണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എയും ഉത്തര്‍പ്രദേശിലെ സാമൂഹിക ക്ഷേമ മന്ത്രിയുമായ അസീം അരുണ്‍ വ്യക്തമാക്കി.