രാജ്യത്തെ മദ്രസകളുമായി ബന്ധപ്പെട്ട ദേശീയ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആഞ്ഞടിച്ച് സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് കമ്മീഷനോട് കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ആശങ്ക, മറ്റ് മതങ്ങള്‍ക്ക് വിലക്ക് ബാധകമാണോയന്നും സന്യാസി മഠങ്ങളില്‍ കുട്ടികളെ വിടുന്നതില്‍ നിര്‍ദേശങ്ങള്‍ ഉണ്ടോയെന്നും കോടതി ആരാഞ്ഞു.
മദ്രസകള്‍ക്കെതിരായ നടപടി നീക്കങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ ചോദിച്ചത്. ജീവിക്കുക, ജീവിക്കാന്‍ അവനുവദിക്കുക എന്നതാണ് മതേതരത്വമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം മദ്രസകള്‍ക്കെതിരായ നടപടികള്‍ കോടതി സ്റ്റേ ചെയ്തിരുന്നു. വിദ്യാഭ്യാസ അവകാശനിയമം പാലിക്കാത്ത മദ്രസകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന് അയച്ച കത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കോടതി വിലക്കുകയും ചെയ്തു.
കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കമ്മീഷന്റെ കത്തും അതിന്മേല് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളും ചോദ്യം ചെയ്ത് ജാമിയത്ത് ഉലമ ഐ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി..