സ്വന്തമായി ഒരു സിനിമ ചെയ്യുക എന്ന സ്വപനമായി നടക്കുന്ന നിരവധി പേരുണ്ട്. അവരെ ആ സ്വപ്നത്തിലേക്ക് എത്തിക്കാൻ പുതിയ വെബ്സൈറ്റുമായി നടൻ പ്രഭാസ്. ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന പേരിൽ ആരംഭിക്കുന്ന വെബ്സൈറ്റ് സിനിമ മോഹികൾക്ക് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു.
തല്പരരായ എഴുത്തുകാര്‍ക്ക് തിരക്കഥയുടെ ആശയം സമര്‍പ്പിക്കാം. 250 വാക്കുകളില്‍ ഒതുക്കി വേണം സമർപ്പിക്കാൻ. ഈ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക് വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും റേറ്റിംഗ് നല്‍കാനും അവസരമുണ്ട്. വൈവിധ്യമായ പുതിയ കഥകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രഭാസിന്റെ ഈ വേറിട്ട നീക്കം. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിക്കുന്ന ആശയങ്ങള്‍ സിനിമയാക്കാൻ തെരഞ്ഞെടുക്കും.
വെബ്സൈറ്റ് ലോഞ്ചിംഗിന്റെ ഭാഗമായി സ്വന്തം ഇഷ്ട്ടതാരത്തെ ഒരു സൂപ്പര്‍ ഹീറോ ആയി സങ്കല്‍പ്പിച്ച് 3500 വാക്കില്‍ ഒരു കഥാമത്സരവും എഴുത്തുകാര്‍ക്കായി പ്രഭാസ് സംഘടിപ്പിക്കും. പ്രേക്ഷകരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മത്സരത്തിന്റെ വിജയിയെ തീരുമാനിക്കും.
ഇത് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവസരമൊരുക്കും. എഴുത്തുകാർക്ക് അവരുടെ കഥപറച്ചിലിൻ്റെ കഴിവും സർഗ്ഗാത്മകതയും പ്രകടിപ്പിക്കാനും സഹായിക്കും. കൂടാതെ ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് ഒരു ഓഡിയോബുക്ക് ഫീച്ചർ ഉപയോഗിച്ച് വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഇത് ഓഡിയോ സ്റ്റോറിടെല്ലിംഗ് ഇഷ്ടപ്പെടുന്ന വിശാലമായ പ്രേക്ഷകരിലേക്ക് എത്താൻ എഴുത്തുകാരെ സഹായിക്കും.