തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു. അജിത് കുമാറിനെതിരെ സ്വത്ത് സമ്പാദന ആരോപണത്തിൽ പിവി അന്‍വര്‍ എംഎല്‍എ നല്കിയ പരാതിയിലാണ് അന്വേഷണം നടന്നത്.
ആഢംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലന്‍സിന് കൈമാറി. തന്റെ കയ്യിൽ അനധികൃത സ്വത്തില്ലെന്ന് അജിത് കുമാര്‍ മൊഴിനല്‍കി. വിജിലൻസ് എസ് പി കെ ജോണിക്കുട്ടി, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷിബു പാപ്പച്ചന് എന്നിവരുടെ നേതൃത്വത്തിലാണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. ഈ മാസം അവസാനത്തോടെ വിജിലൻസ് റിപ്പോർട്ട് കൈമാറിയേക്കും.
പിവി അന്‍വര്‍ എഡിജിപിക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ സെപ്റ്റംബറിൽ സര്‍ക്കാർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഉൾപ്പടെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് പിവി അന്‍വര്‍ ഈ പരാതിയുമായി രംഗത്തെത്തിയത്.