തിരുവനന്തപുരം:നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഫാന്റെ മുത്തശ്ശിയായ സൽമാബീവിയുടെ കൊലപാതകത്തിലാണ് പാങ്ങോട് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അതേസമയം കൊലപാതകത്തിന് പിന്നിൽ കടബാധ്യത എന്ന നിഗമനത്തിൽ തന്നെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.അഫാന്റെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടം ഉണ്ട്. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. എന്നാല്‍ കൊടുക്കാന്‍ പറ്റാത്ത ഘട്ടത്തിലായിരുന്നു കൊലപാതകം. കൊലപാതകത്തിന് തിങ്കളാഴ്ച തെരഞ്ഞെടുക്കാനുള്ള കാരണം അന്വേഷിക്കേണ്ടതുണ്ടെന്നും റൂറല്‍ എസ്പി കെ എസ് സുദര്ശന് മാധ്യമങ്ങളോട് പറഞ്ഞു.
അഫാന്റെ പിതാവ് വിദേശത്താണ് .ഇയാൾ അഞ്ചുവര്‍ഷമായി നാട്ടില്‍ വന്നിട്ടില്ല. നാട്ടില്‍ വന്നാല്‍ മാത്രമേ പിതാവിന്റെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. അഞ്ചുവര്‍ഷമായിട്ട് വരാത്തത് കൊണ്ട് തന്നെ എന്തെങ്കിലും പ്രശ്നം ഉള്ളതായാണ് സൂചന. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ മൊബൈല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട് ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട് എന്ന് എസ്പി കൂട്ടിച്ചേർത്തു .
അതേസമയം പ്രതിയുടേത് അത്യപൂര്‍വ പെരുമാറ്റമാണ്. സ്വഭാവം പരിശോധിക്കും. കൊലപാതകങ്ങള്‍ക്കിടയിലും പ്രതി നോര്‍മലായും പെരുമാറി. കൊലപാതകങ്ങള്‍ക്കിടയിലും സ്വര്‍ണമാല വിറ്റ് കടം നല്കിയവര്ക്കുള്ള പണം അക്കൗണ്ടില്‍ ഇട്ടു കൊടുത്തു. ബാറില്‍ കയറി മദ്യപിച്ചു. ഈ മനോനിലയെ കുറിച്ച് വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കും. എന്നും റൂറൽ എസ്പി സുദർശൻ വ്യക്തമാക്കി.