മലപ്പുറം: 18 മണിക്കൂര്‍ നീണ്ട ജയിൽ വാസത്തിനുശേഷം പിവി അൻവര്‍ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ക്കാൻ നേതൃത്വം കൊടുത്ത കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് രാത്രി 8:25 ഓടെയാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പിവി അൻവറിനെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്. ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. തുടർന്ന് പിവി അൻവറിന് അഭിവാദ്യം അര്‍പ്പിച്ച് ജയിലിന് പുറത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ജയിലിന് പുറത്ത് പിവി അനവറിന് വൻ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നൽകിയത്.
വൈകിട്ടോടെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവും ബോണ്ടും ഉള്‍പ്പെടെ ജയിലിൽ എത്തിക്കാനുള്ള സമയവും നടപടിക്രമങ്ങളും വൈകിയതോടെയാണ് ജയിൽ മോചനം നീണ്ടു പോയത്. രാത്രി 7:45 ഓടെയാണ് ഡിഎംകെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ വിഎസ് മനോജ് കുമാര്‍ അൻവറിന്റെ മോചനത്തിനുള്ള ബോണ്ടുമായി മലപ്പുറം തവനൂരിലെ ജയിലിലെത്തിയത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി തവനൂരിലെ ജയിലിൽ നിന്നും അൻവര്‍ പുറത്തിറങ്ങുകയായിരുന്നു.കേസിൽ പി വി അന്‍വര്‍ എംഎഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ അൻവറിന്റെ അനുയായിയും ഡിഎംകെ പ്രവർത്തകനുമായ ഇ എ സുകുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അൻവറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. അതിൽ അൻവറടക്കം 5 പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന ആറ് പേരിൽ ഒരാളായിട്ടാണ് ഇന്ന് സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എടക്കര പൊലീസ് നിലമ്പൂരിൽ കോടതിപ്പടിയിൽ നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം സമരയാത്ര നടക്കുന്ന സമയത്തും അൻവറിന്റെ കൂടെ സജീവമായി ഉണ്ടായിരുന്ന ആളാണ് ഇ എ സുകു. നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിവി അന്‍വറിന് ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളെ കണ്ടെത്താൻ അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ വാദം കോടതി തള്ളിയാണ് ജാമ്യം അനുവദിച്ചത്. അൻവർ ജനപ്രതിനിധി ആണെന്നും മണ്ഡലത്തിൽ സാന്നിദ്ധ്യം വേണമെന്നും പറഞ്ഞ കോടതി കസ്റ്റഡി ഇത് തടസപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി. സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടില്ല. ഗൂഢാലോചന ആരോപണവും കോടതി തള്ളി. ഗൂഢാലോചന ആരോപണം നിലനിൽക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ഡിഎഫ്ഒ ഓഫീസിലെ അക്രമവും നഷ്ടങ്ങളും ജാമ്യം നിഷേധിക്കാൻ കാരണം അല്ലെന്നും കോടതി വ്യക്തമാക്കി. അന്‍പതിനായിരം രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപയുടെ ബോണ്ട് തുക കോടതിയില്‍ കെട്ടിവയ്ക്കണം എന്നീ ജാമ്യ ഉപാധികളോടെയാണ് അൻവര്‍ പുറത്തിറങ്ങുന്നത്. തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, സമാനകുറ്റക്യത്യത്തിൽ ഏർപ്പെടരുത്, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണമെന്നും ജാമ്യ ഉപാധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.