മുംബൈ: ന്യൂസിലന്റിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 263 റണ്‍സിന് പുറത്ത്. 28 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ശുഭ്മാന്‍ ഗില്‍ (90), ഋഷഭ് പന്ത് (60) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. വാലറ്റത്ത് ഏകദിന ശൈലിയില്‍ 38 റണ്‍സടിച്ച വാഷിങ്ടണ്‍ സുന്ദറിന്റെ പ്രകടനമാണ് ലീഡ് നല്‍കിയത്.
നാലിന് 84 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഗില്ലും പന്തും ചേര്‍ന്ന കൂട്ടുകെട്ടിലായിരുന്നു പ്രതീക്ഷ. ഗില്‍ ഒരു വശത്ത് പിടിച്ച് നിന്നപ്പോള്‍ മറുവശത്ത് പന്ത് ആക്രമിച്ച കളിച്ചു. 59 പന്തില്‍ 60 റണ്‍സെടുത്ത പന്ത് പുറത്താകുമ്പോള്‍ ഇരുവരും 96 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയാഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
സെഞ്ച്വറിക്ക് പത്ത് റണ്‍സകലെ ഗില്ലും പുറത്തായതോടെ ചെറുത്ത് നില്‍പ്പ് അവസാനിച്ചു. സര്‍ഫ്രാസ് ഖാന് (0) ഇത്തവണയും നിരാശപ്പെടുത്തി. 103 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലാണ് ഇന്ത്യയെ തകര്‍ത്തത്. നേരത്തെ ന്യൂസിലന്റ് ഒന്നാം ഇന്നിംഗ്സില്‍ 235 റണ്‍സിന് പുറത്തായിരുന്നു.