സിപിഎമ്മിനും പിണറായി വിജയന് സര്‍ക്കാരിനും കൂനിന് മേല്‍ കുരു എന്ന പോലെയാണ് എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടന.തുടര്‍ഭരണത്തില്‍ കയറി വിവാദങ്ങളില്‍ മുങ്ങി കുളിച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിന് അടിക്കടി തലവേദന സൃഷ്ട്ടിക്കാനുളള ഒരവസരവും കുട്ടി സഖാക്കള്‍ പാഴാക്കില്ല.എസ് എഫ് ഐയുടെ വിപ്ലവ സിങ്കങ്ങളായ സഖാക്കളുടെ പോരാട്ടഗാഥയിലേക്കുളള ഏറ്റവും പുതിയ ഏടാണ് കൊയിലാണ്ടി ഗുരുദേവ കോളേജിലെ എസ്എഫ് ഐ സംഘര്‍ഷം.
കോളേജ് പ്രിന്‍സിപ്പാലിനെ എസ്എഫ് ഐ നേതാക്കള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന് രംഗത്ത് എത്തിയിരിക്കുകയാണ്.ഒറ്റപ്പെട്ട തെറ്റായ പ്രവണതകള്‍ എസ്എഫ്ഐ തിരുത്തിയേ തീരൂവെന്നും തിരുത്തേണ്ടത് സംഘടനയുടെ ഉത്തരവാദിത്തമാണെന്നുമാണ് എ കെ ബാലന് വിഷയത്തില്‍ പ്രതികരിച്ചത്.ഇടതു സംഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ ഉള്‍പ്പെടാത്തവരും സംഘടനയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’അന്യവര്‍ഗ വിഭാഗങ്ങള്‍’ ചേര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഉണ്ടായതുപോലുള്ള ചാപല്യം എസ്എഫ്ഐയെ മുന്‍പും ബാധിച്ചിട്ടുണ്ട്. അപ്പോഴെല്ലാം തിരുത്തല്‍ നിലപാട് ഉണ്ടായി. ഇപ്പോഴത്തെ പ്രവണതകള്‍ നേതൃത്വത്തിന്റെ അറിവോടെ ആകണമെന്നില്ലെന്നുമാണ് എ കെ ബാലന്റെ ന്യായവാദം.
എസ്എഫ്ഐ സിപിഐഎമ്മിന്റെ പോഷക സംഘടനയല്ല. പല വിഭാഗക്കാരുണ്ട്. സഖാക്കളായ സംഘടനാ പ്രവര്‍ത്തകരെ തിരുത്താന്‍ മാത്രമെ സിപിഐഎമ്മിന് സാധിക്കുകയുള്ളൂ. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച പ്രശ്നത്തില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത് തിരുത്തല്‍ നടപടിയായിരുന്നു. ഇപ്പോള്‍ എസ്എഫ്ഐയുമായി ബന്ധപ്പെട്ട പലതും ഒഴിവാക്കേണ്ടിയിരുന്നു. എസ്എഫ്ഐ മാത്രം വിചാരിച്ചാല്‍ അത് കഴിയില്ല. കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതാത്ത പലതും ഉണ്ടായി. മര്‍ദ്ദനമേറ്റ എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് ആശുപത്രിയിലാണെന്നും എ കെ ബാലന് പ്രതികരിച്ചു.
ഗുരുദേവ കോളേജില്‍ എസ്എഫ്ഐ ഹെല്പ് ഡസ്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്യുന്നതിലേക്കും സംഘര്‍ഷത്തിലേക്കുമെത്തിയത്. പുറത്ത് നിന്ന് എസ്എഫ്ഐ നേതാക്കള്‍ കോളേജില്‍ എത്തിയെന്നും ഇവര്‍ മര്‍ദിച്ചതെന്നുമാണ് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്കറിന്റെ ആരോപണം.പ്രിന്‍സിപ്പല്‍ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവും ചികിത്സതേടിയിരുന്നു. അഭിനവിന്റെ ചെവിയുടെ കര്‍ണപടത്തിനാണ് പരിക്കേറ്റത്. ഇരുകൂട്ടരുടെയും പരാതിയില്‍ പ്രിന്‍സിപ്പലിന് എതിരെയും, കണ്ടാല്‍ അറിയാവുന്ന 20 ഓളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും കൊയിലാണ്ടി പൊലീസ് കേസ് എടുത്തു.പ്രിന്‍സിപ്പലിന് എതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.പ്രതിഷേധക്കാരെ പോലീസ് തടഞ്ഞത് ഉന്തുംതള്ളിലും കലാശിച്ചു. അതേസമയം എസ്എഫ്ഐ പ്രവര്‍ത്തകനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം.
ഇതിനിടെ തങ്ങളുടെ നേതാവിനെ മര്‍ദിച്ച അധ്യാപകന് രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് എസ്എഫ്ഐ ഏരിയാ സെക്രട്ടറി നവതേജ് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്ഐക്കുണ്ട്. അധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്ഐക്ക് അറിയാം. ഇപ്പോള്‍ സംയമനം പാലിക്കുകയാണെന്നും പ്രിന്‍സിപ്പലിനെ അടിച്ചു ആശുപത്രിയില്‍ ആക്കാന്‍ തീരുമാനിച്ചിട്ടില്ല അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അതും ചെയ്യുമെന്നുമാണ് നവതേജ് പ്രസംഗത്തില്‍ പറഞ്ഞത്.
സംഭവത്തില്‍ പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.കോളേജിനും പ്രിന്‍സിപ്പാള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും കോടതി പൊലീസിന് നിര്‍ദ്ദേശം നല്കി. കോളേജ് പ്രിന്‍സിപ്പലിന്റെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവത്തില്‍ എസ്എഫ്ഐ നേതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു.