ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം ആര് അജിത്ത് കുമാറിനെതിരെ സിപിഐ. അജിത്ത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യമാണ് സിപിഐ മുന്നോട്ട് വെച്ചത്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലുടെയാണ് പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. അജിത് കുമാര്‍ ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ജനകീയ സര്‍ക്കാരിന്റെ ജനപക്ഷ നിലപാടിനെ മനസിലാക്കാത്ത ഉദ്യോഗസ്ഥന് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.
ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികമോ വ്യക്തിപരമോ എന്നാണ് സിപിഐ ഉയര്‍ത്തുന്ന ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്കുണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു. പൊലീസ് മേധാവിയെയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങള്‍ അറിയിക്കേണ്ടതാണ്. അതിന് അജിത് കുമാര്‍ തയ്യാറായില്ലെങ്കില്‍ സ്ഥാനത്തു നിന്ന് മാറ്റുകയാണ് വേണ്ടതെന്നും പ്രകാശ് ബാബു പറഞ്ഞു. പ്രകാശ് ബാബുവിന്റെ ലേഖനത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും രംഗത്തെത്തി.