തിരുവനന്തപുരം: പി.വി.അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ എഡിജിപി എം.ആര്. അജിത് കുമാറിന് തിരുവനന്തപുരത്ത് നിര്‍മിക്കുന്ന വീടും വിവാദത്തിലായി. തിരുവനന്തപുരം നഗരത്തില്‍ ഭൂമിക്ക് ഏറ്റവും വിലകൂടിയ മേഖലയിലാണ് അജിത് കുമാര്‍ വീട് നിര്‍മിക്കുന്നത്. കവടിയാർ കൊട്ടാരത്തിന് സമീപം എം.എ. യൂസഫലിയുടെ ഹെലിപാഡിനോട് ചേര്‍ന്നാണ് 10 സെന്റില്‍ അജിത് കുമാര്‍ വീട് പണിയുന്നത്.
ഇതിനോട് ചേര്‍ന്ന് തന്നെ അജിത് കുമാറിന്റെ സഹോദരനും 12 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ട്. തലസ്ഥാനത്ത് ഇത്തരമൊരു സ്ഥലത്തിന് മാര്‍ക്കറ്റ് വിലയല്ല, മോഹവിലയാണ് നൽകേണ്ടിവരിക. ചതുശ്ര അടിക്കുപോലും ലക്ഷങ്ങള്‍ വിലപറഞ്ഞ് വാങ്ങുന്ന ഇടത്താണ് ഈ വീട് നിര്‍മിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
സ്വര്‍ണക്കടത്തിലെ കണ്ണിയാണ് അജിത് കുമാറെന്ന് പി.വി.അന്‍വര്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ അനധികൃതമായി പണം സമ്പാദിച്ചാണ് അജിത് കുമാര്‍ കവടിയാറില്‍ ‘കൊട്ടാരം’ പണിയുന്നതെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്.