വയനാട് പനമരത്ത് ഗതാഗതനിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച, ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിങ് ലൈസന്‍സില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സൂചന. സ്വദേശമായ കണ്ണൂര്‍ ജില്ലയില്‍നിന്ന് സ്വന്തംപേരിലും വിലാസത്തിലും ആകാശ് തില്ലങ്കേരി ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്.
ആകാശ് തില്ലങ്കേരിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ വയനാട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ., കണ്ണൂര്‍ ആര്.ടി.ഒ.യോട് ശുപാര്‍ശചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ ജില്ലയില്‍നിന്ന് തില്ലങ്കേരി ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയത്. മറ്റെവിടെനിന്നെങ്കിലും ലൈസന്‍സ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാനതലത്തിലേക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. കെ.ആര്. സുരേഷ് പറഞ്ഞു.
സംസ്ഥാനതലത്തിലും പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്നാണ് സൂചന. കഴിഞ്ഞദിവസം പിഴയീടാക്കിയതിലും ലൈസന്‍സില്ലെന്ന വകുപ്പ് ചേര്‍ത്തിരുന്നു. ആകാശ് ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാനോട് ഗതാഗതനിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 45,500 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കുന്നതിനുമുന്നോടിയായി നോട്ടീസും നല്‍കിയിട്ടുണ്ട്