ബംഗളൂരു : എല്ലാ സർക്കാർ റസിഡൻഷ്യൽ സ്കൂളുകളും മഹർഷി വാൽമീകി സ്കൂളുകൾ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
“കർണാടകയിലെ എല്ലാ സർക്കാർ റസിഡൻഷ്യൽ സ്കൂളുകളുടെയും പേര് മഹർഷി വാൽമീകി റസിഡൻഷ്യൽ സ്കൂൾ എന്നാക്കി മാറ്റും. റായ്ച്ചൂർ സർവകലാശാലയെ മഹർഷി വാൽമീകി സർവകലാശാല എന്ന് പുനർനാമകരണം ചെയ്യും. ബി.ജെ.പി ഒന്നും ചെയ്യാതെ സമത്വത്തെ കുറിച്ച് സംസാരിക്കുക മാത്രമാണ്.
സാമ്പത്തികവും സാമൂഹികവുമായ അസമത്വം ഇല്ലാതാകുന്നില്ലെങ്കിൽ സമത്വം വരില്ലെന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകി. എല്ലാ മതങ്ങളിലെയും എല്ലാ ജാതികളിലെയും പാവപ്പെട്ടവർക്കും സാമ്പത്തിക ശക്തി നൽകുമെന്ന ഉറപ്പ് തങ്ങളുടെ സർക്കാർ നടപ്പിലാക്കുകയാണെന്നും എന്നാൽ അതിനെ എതിർക്കുന്നത് ബി.ജെ.പിയാണ്” – സിദ്ധരാമയ്യ പറഞ്ഞു.
ബി.ജെ.പി.യുടെ നുണകളിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. ന്യൂനപക്ഷ സമുദായങ്ങളുടെ സമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ബി.ജെ.പിയുടെ മുൻകൈയില്ലായ്മയെ അദ്ദേഹം വിമർശിച്ചു.