തെലുങ്ക് സൂപ്പര്‍താരം അല്ലു അര്ജുന് ഇന്ന് പിറന്നള്. വേറൊരു അന്യഭാഷ നടനും കിട്ടുന്നതിനേക്കാള്‍ ഫാന്‍ബേസും ഫാന്‍സ് അസോസിയേഷനും കേരളത്തില്‍ ഉണ്ടാക്കിയെടുത്ത താരമാണ് അല്ലു അര്ജുന്.
ഒരു മലയാള ചിത്രത്തില്‍ പോലും അഭിനയിക്കാതെ മൊഴിമാറ്റ ചിത്രങ്ങള്‍ കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ അല്ലുഅര്ജുന് കേരളത്തില്‍ ഉണ്ടാക്കിയ തരംഗം ഫ്ളവറല്ല ഫയര്തന്നെയാണ്.
തെലുങ്ക് സിനിമക്ക് കേരളത്തിലുള്ള സ്വാധീനം അല്ലുവിന് മുന്‍പും ശേഷവുമെന്ന് അടയാളപ്പെടുത്തിയാല്‍ മലയാളത്തിലെ മുന്‍നിര നായകന്മാരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന അതേ ആരവത്തോടെയും അവേശത്തോടെയും കേരളത്തില്‍ ഒരു അന്യഭാഷ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുണ്ടെങ്കില്‍ അത് അല്ലുവിന്റെ ചിത്രങ്ങള്‍ തന്നെയായിരിക്കും.
അത് കൊണ്ട് തന്നെ തന്റെ മലയാളി ആരാധകരെ നിരാശപ്പെടുത്താതെ പ്രമോഷന് ഇവന്റുകളില്‍ പോലും കേരളത്തെ ഒഴിവാക്കാതെ അല്ലു കേരളത്തിലെത്തുകയും ചെയ്തു. അവസാനം പുറത്തിറങ്ങിയ പുഷ്പ 2 വിന്റെ പ്രമോഷന് കേരളത്തിലെത്തിയ അല്ലു ആരാധകര്‍ക്ക് ആവേശമാകുകയായിരുന്നു.
2003 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അല്ലു കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഗംഗോത്രി എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. സുകുമാര്‍ ഒരുക്കിയ ആര്യയിലെ കഥാപാത്രമാണ് മലയാളി പ്രേക്ഷക മനസില്‍ അല്ലു അര്ജുന് എന്ന താരത്തെ
അടയാളപ്പെടുത്തിയത്.
വെള്ളിനക്ഷത്രവും, വാമനപുരം ബസ്റുട്ടുമെല്ലാം കണ്ട്കൊണ്ടിരുന്ന മലയാളികള്‍ക്കിടയിലേക്കാണ് ചുണ്ടില്‍ ലിപ്സ്റ്റിക്കിട്ട നന്നായി ഡാന്‍സ് കളിക്കുന്ന ഒരു പയ്യന്റെ കടന്നുവരവ്. ആദ്യമൊക്കെ തള്ളിപ്പറഞ്ഞ ആളുകള്‍ പതിയെ പതിയെ അല്ലുവിനെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു. വെറുത്ത് വെറുത്ത് വെറുപ്പിനൊടുവില്‍ അറിയാതെ സ്നേഹിച്ചു തുടങ്ങി എന്ന് കേട്ടിട്ടില്ലെ അതു പോലെ തന്നെയാണ് അല്ലുവിനെ ആരാധകര്‍ ഏറ്റെടുത്തതും. സമയമെടുത്ത് കയറിക്കൂടിയത് കൊണ്ടായിരിക്കും അല്ലുവിനെ ഒരിക്കല്‍ മനസില്‍ കയറ്റിയവര്‍ക്ക് പറിച്ചുമാറ്റാന്‍ പറ്റാത്തൊരടുപ്പം ആ നടനോട് തോന്നുന്നതും.
തെലുങ്കിലെ പേരുകേട്ട നിര്‍മ്മാതാവ് അല്ലു അരവിന്ദിന്റെ മകനാണെങ്കിലും അക്ടര്‍ ചിരഞ്ചീവിയുടെ മരുമകനെന്ന് ലേബലിലാണ് അല്ലു കൂടുതലും അറിയപ്പെട്ടത്.എന്നാല്‍ ചുരുങ്ങിയ സമയംകൊണ്ട് അല്ലുവും ആര്യയും യുവാക്കളുടെ ഹരമായി മാറി. അങ്ങനെ കോളേജുകളിലും സ്കൂളുകളിലും യുവാക്കള്‍ അല്ലുവിന്റെ സ്റ്റൈല്‍ ഏറ്റെടുത്ത് തുടങ്ങി. അല്ലുവിനെ പോലെ വസ്ത്രം ധരിച്ചും ബാഗിട്ടും രൂപം മാറ്റിയും കാമ്പസുകളില്‍ അല്ലു തരംഗം അലയടിച്ചു. പിന്നീടങ്ങോട്ട് വളര്‍ന്നു വരുന്ന ഒരോ തലമുറയും അല്ലുവിനെ ഏറ്റെടുക്കുകയായിരുന്നു. ഇന്നിപ്പോള്‍ ചിരഞ്ചിവീയെന്ന് പറഞ്ഞാല്‍ അല്ലുഅര്‍ജുന്റെ മാമന് എന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ട അവസ്ഥയാണ്.
കുഞ്ഞുന്നാളില്‍ ആര്യ കണ്ട് കൂടെ കൂടിയ കുട്ടി ആരാധകര്‍ വളരുന്നതിനോടൊപ്പം അല്ലുവും വളര്‍ന്നു. പൊടിമീശക്കാരനില്‍ നിന്ന് താടിവെച്ച് പൗരുഷമുള്ള പുഷ്പയിലേക്കും അതിന്റെ രണ്ടാം പതിപ്പിലേക്കും അല്ലുവും ആരാധകരും വളര്‍ന്നു.
തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരില് ഒരാളായി അല്ലു മാറിയെങ്കില്‍ അതില്‍ മലയാളിക്കുള്ള പങ്ക് ചെറുതൊന്നുമല്ല.
പിറന്നാള്‍ ആരാധകര്‍ക്ക് ഇരട്ടിമധുരമാണ് അല്ലു ഒരുക്കിയിരിക്കുന്നത്.2009 ല്‍ ഇറങ്ങിയ ആര്യ2 റീറിലീസ് ചെയ്തുകൊണ്ടാണ്
അല്ലു ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം കൊടുത്തത്. അതിന് പിന്നാലെ അടുത്ത വലിയ സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ്.
ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന് ആറ്റ്ലിയുമായി ആദ്യമായി ഒന്നിക്കുന്നു എന്ന വാര്‍ത്തയാണ് ആരാധകര്‍ക്കായി പിറന്നാളിന് നല്കിയ അടുത്ത സമ്മാനം.അല്ലു അര്‍ജുന്റെ 22 മത്തെ ചിത്രവും ആറ്റ്ലിയുടെ ആറാമത്തെ സംവിധാനവുമാണ് AA22*A6 എന്ന് അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ
അനൗണ്‍സ്മെന്റ് വീഡിയോ പ്രൊഡക്ഷന്‍ ഹൗസ് പുറത്തിറക്കിയിരിക്കുകയാണ്.
എന്തൊക്കെയായാലും പിറന്നാള്‍ ദിനത്തില്‍ അനൗണ്‍സ് ചെയ്ത ചിത്രം വിജയിക്കാനും് അല്ലുവിന് നല്ലൊരു പിറന്നാളും ആശംസിക്കാം.