ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസും ലോറന് സാഞ്ചെസും തമ്മിലുള്ള വിവാഹം ജൂണിൽ ഇറ്റലിയിലെ വെനീസില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. 2023 മേയ്മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ജെഫിന്റെ, അഞ്ഞൂറുമില്യണ്‍ ഡോളർ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ജെഫ്, ലോറനെ പ്രൊപോസ് ചെയ്തതും വിവാഹനിശ്ചയ പാര്‍ട്ടി നടന്നതും ഇതേയിടത്താണ്. 2023 ഓഗസ്റ്റില്‍ നടന്ന ജെഫ്-ലോറന് വിവാഹനിശ്ചയത്തില്‍ മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, സെലിബ്രിറ്റികളായ ഓപ്ര വിന്‍ഫ്രി, ക്രിസ് ജെന്നര്‍, സല്‍മ ഹയേക്, റോബര്‍ട്ട് പാറ്റിന്സണ് തുടങ്ങി നിരവധിപേര്‍ പങ്കെടുത്തിരുന്നു. 2018-ലാണ് ജെഫും ലോറനും ഡേറ്റിങ് ആരംഭിച്ചത്. ഒരുകൊല്ലത്തിനു ശേഷം 2019-ലാണ് ഇവര്‍ ബന്ധം തുറന്നുപറഞ്ഞത്. വിവാഹത്തിന് സിനിമാ-ബിസിനസ്സ് രംഗങ്ങളിൽ നിന്നുമുള്ള പ്രശസ്തർ പങ്കെടുക്കും.