പത്തനംതിട്ട : പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ സൈക്കാട്രി വിഭാഗം അധ്യാപകനെതിരെ പരാതിയുമായി കുടുംബം. ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ സൈക്കാട്രി വിഭാഗം അധ്യാപകനായ സജിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ട ഡിവൈഎസ്പിക്ക് അമ്മുവിന്റെ അച്ഛൻ സജീവ് പരാതി നൽകി.
അധ്യാപകനും കേസിൽ പ്രതികളായ സഹപാഠികളും ചേർന്നാണ് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. സൈക്കാട്രി വിഭാഗം അധ്യാപകൻ കുറ്റവിചാരണ നടത്തിയെന്നും പരാതിയിൽ പറയുന്നു. അമ്മു ജീവനൊടുക്കിയത് രണ്ടു മണിക്കൂറിലധികം നീണ്ട കുറ്റവിചാരണക്ക് ശേഷമെന്ന് കുടുംബം.
വിഷയത്തിൽ ചുട്ടിപ്പാറ കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. സീപാസിന് കീഴിലുള്ള സീതത്തോട് കോളേജിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കൂടാതെ അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു.
നവംബർ 15 നാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. മരണത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അമ്മുവിന്റെ സഹപാഠികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.