കല്ലമ്പലം: നാവായിക്കുളത്ത് പ്ലസ് ടു വിദ്യാർഥിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതോടെ വീണ്ടും ബോധവൽക്കരണം ശക്തം. പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ അടിയന്തരയോഗം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചേർന്നു.
ജന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വാർഡുകളിൽ വീണ്ടും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. നിലവിൽ രോഗ കാരണം ആയ ഡീസന്റുമുക്ക് മാടൻ കാവിന് സമീപത്തെ കുളത്തിൽ കുളിച്ചവരുടെ പട്ടിക തയാറാക്കി അവരെ നിരീക്ഷണത്തിൽ ആക്കിയിരിക്കുകയാണ്.
ഒരുമാസം മുമ്പ് യുവതിക്ക് രോഗം സ്ഥിരീകരിച്ചതിന് തുടർന്നാണ് അന്ന് ബോധവൽക്കരണം പരിപാടികൾ ആരംഭിച്ചത്. ഈ പ്രവർത്തനങ്ങളുടെ ഫലമായി ആദ്യഘട്ടത്തിൽ രോഗ വ്യാപനം ഉണ്ടാകാതെ നിയന്ത്രിക്കുവാനായി. ഒരു മാസത്തിനുശേഷമാണ് വീണ്ടും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് വാർഡിൽ താമസിക്കുന്ന നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക് ആണ് ഇപ്പൊൾ അസുഖം സ്ഥിരീകരിച്ചത്. വിദ്യാർഥിക്കൊപ്പം കുളിച്ച സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ വീടുകളിൽ നിരീക്ഷണത്തിലാണ്.