കൊച്ചി: നിക്ഷേപക ബോധവല്ക്കരണത്തിനായും സാമ്പത്തിക സാക്ഷരത വളര്‍ത്തുന്നതിനായുമുള്ള ദേശീയ പരിപാടികള്‍ക്ക് അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ ഇന്ത്യ (ആംഫി) തുടക്കം കുറിക്കും. മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ഭാരത് നിവേശ് യാത്ര’ 170 പട്ടണങ്ങളിലൂടെ സഞ്ചരിക്കും. 8 മുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കായുള്ള ഭാരത് നിവേഷ് യങ് മൈന്‍ഡ്സ് എസ്സേ മല്‍സരമാണ് രണ്‍ണ്ടാമത്തെ പരിപാടി.
രാജ്യത്തെ ദശലക്ഷക്കണക്കിനു പേര്‍ക്ക് സാമ്പത്തിക വിദ്യാഭ്യാസം ലഭ്യമാക്കികൊണ്ട് 75 ദിവസമായിരിക്കും ഭാരത് നിവേശ് യാത്ര സഞ്ചരിക്കുക. ഇതിനായി പ്രത്യേകം ബ്രാന്‍ഡ് ചെയ്ത നാലു ബസുകളാവും ഉണ്ണ്ടാകുക. ‘വികസിത ഭാരതത്തില്‍ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം’ എന്നതായിരിക്കും ഭാരത് നിവേശ് യങ് മൈന്‍ഡ്സ് എസ്സേ മല്‍സരത്തിന്റെ വിഷയം.
വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ സാമ്പത്തിക സാക്ഷരതയ്ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് പറഞ്ഞു.
സാമ്പത്തിക അവബോധത്തിന്റേതായ സംസ്ക്കാരം വളര്‍ത്തിയെടുക്കുക വഴി ജനങ്ങളെ അറിവിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ശാക്തീകരിക്കാനാവുമെന്നും അത് വികസിത ഭാരതത്തിനു സംഭാവനകള്‍ നല്‍കുമെന്നും ആംഫി ചെയര്മാന് നവനീത് മുനോട്ട് പറഞ്ഞു.
മ്യൂച്വല്‍ ഫണ്ണ്ടുകളെ കുറിച്ച് ആഴത്തില്‍ അറിയാനും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതില്‍ അവയ്ക്കുള്ള പങ്കിനെ കുറിച്ചു മനസിലാക്കാനും ജനങ്ങളെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആംഫി ചീഫ് എക്സിക്യൂട്ടീവ് വെങ്കട് ചലാസ്നി പറഞ്ഞു.