ആലപ്പുഴ: 11 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ചാരുംമൂട് സ്വദേശിയായ സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നായിരുന്നു മരണം. ഫെബ്രുവരി ആറിനാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ കുട്ടിയത് വീട്ടിൽ അത് പറഞ്ഞിരുന്നില്ല. കാര്യമായ പരിക്കുകൾ ഇല്ലാതിരുന്നതിനാലും തെരുവ് നായ ആക്രമിച്ചത് വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. ഇതിനിടെ നൂറനാട്ടെ ആശുപത്രിയിൽ പനി ബാധിച്ച് കുട്ടി ചികിത്സ തേടിയിരുന്നു. തുടർന്ന് ആരോഗ്യം മോശമായതോടെ പേ വിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ടു. ഇതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
വീടിന് സമീപത്തു വച്ച് തെരുവ് നായ ആക്രമിച്ച കാര്യം കുട്ടിയുടെ സുഹൃത്തുക്കളാണ് രക്ഷിതാക്കളോട് പറഞ്ഞത്. തെരുവുനായ ആക്രമിച്ചപ്പോൾ കുട്ടി സൈക്കിളിൽ നിന്ന് വീഴുകയും തുടയിൽ ചെറിയ പോറലുണ്ടാവുകയും ചെയ്തിരുന്നു. ഇത് നായയുടെ നഖം തട്ടി ഉണ്ടായതാണോയെന്ന് വ്യക്തമല്ല. അതെസമയം പ്രദേശവാസികളും പ്രദേശത്തെ കുട്ടികളും ഉൾപ്പെടെ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.