ഹൈദരാബാദ്: തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍. ഒമ്പത് അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഗുണ്ടൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ സര്‍വശ്രേഷ്ഠ് ത്രിപാഠിയായിരിക്കും പ്രത്യേകം അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക.
മുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണകാലത്ത് തിരുമലയില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് ക്രമക്കേടുകളും എസ്ഐടി അന്വേഷിക്കും. നേരത്തെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ വിതരണം ചെയ്ത ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നു.
ഗുജറാത്തിലെ നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പരിശോധന ഫലം പുറത്തുവിട്ടത്. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.