ന്യൂഡൽഹി: ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമത്തിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരേ കേസെടുത്ത് ഡൽഹി പോലീസ്. ദേശീയ വനിതാ കമ്മിഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.വിഷയത്തിൽ സ്വമേധയാ ഇടപെട്ട വനിതാ കമ്മിഷൻ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു. ഭാരതീയ ന്യായസംഹിതയിലെ പ്രസക്തമായ സെക്ഷനുകളും ഐ.ടി. ആക്ടിലെ സെക്ഷനുകളും ചുമത്തിയാണ് നിലവിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
നേരത്തെ, സ്മൃതി സിങ്ങിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അൻഷുമാൻ സിങ്ങിന്റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. മകന് ലഭിച്ച സൈനികബഹുമതികളും ഫോട്ടോ ആൽബങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ എല്ലാം ഓർമകളും സ്മൃതി പഞ്ചാബിലെ ഗുർദാസ്പുരിലെ വീട്ടിലേക്ക് മാറ്റിയെന്ന് അവർ ആരോപിച്ചു. തന്റെ മകന് ലഭിച്ച കീർത്തിചക്ര പുരസ്കാരത്തിൽ ഒന്ന് തൊടാൻപോലും കഴിഞ്ഞില്ലെന്നും അൻഷുമാൻ സിങ്ങിന്റെ അമ്മ മഞ്ജു പറഞ്ഞു.2023 ജൂലായ് 19-ന് സിയാച്ചിൻ മഞ്ഞുമലയിൽ സൈന്യത്തിന്റെ ബങ്കറിനടുത്തുണ്ടായ തീപ്പിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റൽ മെഡിക്കൽ ഓഫീസർ ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്. 2023 ജൂലായ് 22-ന് എല്ലാ ഔദ്യോഗികബഹുമതികളോടെയും ഉത്തര്‍പ്രദേശിലെ ഭഗല്പുരില് അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു.