ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും അടുത്തിടെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റത്. മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് മുതല്‍ ആരാധകരും വലിയ ആവേശത്തിലായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 8-നാണ് ഇരുവരും ഒരു പെണ്‍കുഞ്ഞിനെ സ്വീകരിച്ചത്.
ഇപ്പോഴിതാ ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപികയും റണ്‍വീറും. ദുവ പദുകോണ്‍ സിങ് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. ദുവ എന്നാല്‍ പ്രാര്‍ത്ഥന എന്നാണര്‍ഥം. ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുളള ഉത്തരാണ് അവളെന്നും ചിത്രത്തിന് താഴെ ഇരുവരും കുറിച്ചു. 2018 നവംബറില്‍ ഇറ്റലിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.