ചെന്നൈ: തമിഴ്നാട് മന്ത്രി കെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കംചെയ്തു..സ്ത്രീകളെയും ശൈവരെയും വൈഷ്ണവരെയും കുറിച്ച് പൊതുപരിപാടിയില്‍ മോശം പരാമർശം നടത്തിയതിന്റെ പേരിലാണ് നടപടി. ഡിഎംകെ നിയമസഭാംഗം കെ കനിമൊഴിയും പൊൻമുടിയുടെ പരാമർശത്തില്‍ വിമർശനം അറിയിച്ചിരുന്നു. ‘പൊൻമുടിയുടെ സമീപകാല പ്രസംഗം അംഗീകരിക്കാനാവില്ല. കാരണം എന്തുതന്നെയായാലും, അത്തരം അശ്ലീല പരാമർശങ്ങള്‍ അപലപനീയമാണ്’, കനിമൊഴി എക്സില്‍ പറഞ്ഞു. എന്നാല്‍, സ്ഥാനത്തുന്ന് മന്ത്രിയെ നീക്കിയത് ഏത് സാഹചര്യത്തിലാണെന്ന് സ്റ്റാലില്‍ വ്യക്തമാക്കിയിട്ടില്ല.
പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് വിവാദമാകുകയും കടുത്ത വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. പരാമര്‍ശങ്ങളിലൂടെ മന്ത്രി തമിഴ്നാട്ടിലെ വനിതകളെ അധിക്ഷേപിച്ചെന്നായിരുന്നു ഉയർന്ന ആരോപണം.പരാമര്‍ശം വിവാദമായതോടെ മന്ത്രി സ്ഥാനത്തുനിന്ന് പൊന്മുടിയെ നീക്കംചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പൊന്മുടി മന്ത്രിസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാൻ തയ്യാറുണ്ടോയെന്നും സ്റ്റാലിനോട് ബിജെപിയുടെ തമിഴ്നാട് ഉപാധ്യക്ഷനായ നാരായണന് തിരുപ്പതി സാമൂഹികമാധ്യമങ്ങളിലൂടെ ചോദിച്ചു. അതേസമയം പൊന്മുടിയെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കാതെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തൃച്ചി ശിവയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്തതായി ഡി.എം.കെ പ്രസ്താവനയില്‍ പറഞ്ഞു.
ഡിഎംകെ സർക്കാരിലെ ഏറ്റവും മുതിർന്ന മന്ത്രിമാരില്‍ ഒരാളാണ് പൊന്മുടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 2023 ല്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പൊന്മുടിയെയും അദ്ദേഹത്തിന്റെ മകൻ കല്ലക്കുറിച്ചിയില്‍ നിന്നുള്ള പാർലമെന്റ് അംഗം ഗൗതം സിഗംനായിയെയും അവരുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തിരുന്നു. കേസില്‍ 14 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.