കൊവിഡ് 19 ന്റെ എല്ലാ വകഭേദങ്ങളേയും ചെറുക്കാന്‍ കഴിയുന്ന ആന്റിബോഡി ഗവേഷകര്‍ കണ്ടെത്തി. മൃഗങ്ങളില്‍ കാണപ്പെടുന്നതുള്പ്പടെ കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളെയും ചെറുക്കാന്‍ ഈ ആന്റിബോഡിക്ക് സാധിക്കും. SC-27 എന്നാണ് ഈ ആന്റിബോഡി അറിയപ്പെടുന്നത്. വാക്സിനേഷന് ശേഷവും രോഗബാധ അനുഭവപ്പെട്ട നാല് രോഗികളുടെ പ്ലാസ്മയില്‍ നിന്നുമാണ് ഗവേഷകര്‍ SC-27 ആന്റിബോഡി വേര്‍തിരിച്ചെടുത്തത്.
SARS-COV-2 ആണ് കൊവിഡ് 19 ന് കാരണമാകുന്ന വൈറസ്. ഈ വൈറസ് അതിന്റെ സ്പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചാണ് മനുഷ്യകോശങ്ങളെ ആക്രമിക്കുന്നത്. ഈ സ്പൈക്ക് പ്രോട്ടീനെ തടയാന്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ആന്റിബോഡിക്ക് സാധിക്കുംഈ കണ്ടെത്തല്‍ കൊവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. SC-27 എന്ന ആന്റിബോഡിക്ക് വിവിധ കൊവിഡ് വകഭേദങ്ങളിലുള്ള സ്പൈക്ക് പ്രോട്ടീനിനെ തിരിച്ചറിയാനും നിര്‍വീര്യമാക്കാനും സാധിക്കും എന്നാണ് യുഎസിലെ ഓസ്റ്റിനിലെ ടെക്സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.