പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ് ആരോപിച്ചു യുവാവ്. റാന്നി ബ്ലോക്ക്പടി സ്വദേശി സുനിൽ എബ്രഹാമിന്റെ നെറ്റിയിലെ മുറിവിന്റെ തുന്നിക്കെട്ടിലാണ് ഉറുമ്പുകളെ കണ്ടെത്തിയത്. ചികിത്സ പിഴവു കാരണം മുറിവ് വീണ്ടും തുറക്കുകയും തുന്നുകയും ചെയ്യേണ്ടിവന്നുവെന്നും സുനിൽ പറയുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിൻ്റെ തീരുമാനം.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് രക്തസമ്മർദ്ദം കുറഞ്ഞ് ബോധക്ഷയമുണ്ടായി വീണതിനെ തുടർന്ന് യുവാവിന്റെ നെറ്റിയിൽ പരിക്കേറ്റത്. ഉടൻ തന്നെ റാന്നി താലൂക്ക് ആശുപത്രിയിലെത്തി മുറിവിൽ അഞ്ച് തുന്നലുകൾ ഇട്ടു. സി.ടി. സ്കാനെടുക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. എന്നാൽ യാത്രമധ്യേ മുറിവ് തുന്നിയ ഭാഗത്ത് അസഹനീയമായ വേദന അനുഭവപെട്ടതായും സുനിൽ പറഞ്ഞു. സ്കാനിംഗ് റിപ്പോർട് പുറത്തു വന്നതോടെ തുന്നലിനുള്ളിൽ ഉറുമ്പുകളെ കണ്ടെത്തുകയായിരുന്നു. പിന്നീട് പത്തനംതിട്ട ആശുപത്രിയിലെത്തി ആദ്യമിട്ട തുന്നൽ ഇളക്കി ഉറുമ്പുകളെ നീക്കിയ ശേഷം വീണ്ടും മുറിവ് തുന്നിക്കെട്ടുകയായിരുന്നു. മൂന്നര മണിക്കൂറിന്റെ ഇടവേളയിലാണ് നെറ്റിയിലെ ഈ രണ്ട് തുന്നിക്കെട്ടലുകളെന്നും യുവാവ് പറഞ്ഞു.
റാന്നി താലൂക്ക് ആശുപത്രി ജീവനക്കാർ മുറിവ് വൃത്തിയാക്കിയതിൽ വന്ന വീഴ്ചയാണെന്നാണ് സുനിലും കുടുംബവും പറയുന്നത്. തുന്നിക്കെട്ടിയ ഭാഗത്ത് പുറത്തുനിന്നുള്ള എന്തോ വസ്തു ഉണ്ടായിരുന്നുവെന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ചികിത്സാ രേഖയിൽ കുറിച്ചിട്ടുണ്ട്.