കൊല്ലത്ത് പുരോഗമിക്കുന്ന സംസ്ഥാന സമ്മേളനം പൂർത്തിയാകുന്നതോടെ സിപിഎം പൂർണമായും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുവാനാണ് ആലോചന. പ്രായവും രണ്ട് തവണത്തെ മത്സരവും നിബന്ധനകളായി മാറുമ്പോൾ പല വമ്പന്മാർക്കും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റുകൾ ലഭിക്കാത്ത സ്ഥിതിയുണ്ടാകും. പല പ്രമുഖരും മത്സരത്തിൽ നിന്നും മാറി നിൽക്കുമ്പോൾ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുവാനും സാധ്യതയുണ്ട്. അത്തരത്തിൽ പരിഗണിക്കപ്പെടുന്ന യുവ മുഖങ്ങളിൽ ഏറ്റവും പ്രധാനിയാണ് മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ അനുശ്രീ.
കണ്ണൂർ രാഷ്ട്രീയത്തിൽ തുടങ്ങി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന യുവമുഖങ്ങളിൽ അനുശ്രീയെ ആർക്കും പ്രത്യേകം പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. എസ്എഫ്ഐ എന്ന സംഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലത്തായിരുന്നു അനുശ്രീ ആ സംഘടനയെ നയിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറിയായിരുന്ന പി എം ആർഷോ എസ് എഫ് ഐയ്ക്ക് വരുത്തിവെച്ച നാണക്കേടും മാനക്കേടും ചെറുതായിരുന്നില്ല. സംഘടനാ കാലത്ത് ദീർഘനാളത്തോളം ആർഷോ ജയിലിൽ പോലുമായിരുന്നു. ആ കാലത്തെല്ലാം സംഘടനയെ കരുത്തോടെ നയിച്ചത് അനുശ്രീ എന്ന പെൺ പോരാളിയായിരുന്നു. ആർഷോ ക്രിമിനൽ കേസുകളിൽ തുടർച്ചയായി പ്രതിയായതും പിന്നീട് നീണ്ടകാലത്തോളം ജയിലിൽ ആയതും എസ്എഫ്ഐക്ക് ഉണ്ടാക്കിയ ഡാമേജ് വളരെ വലുതായിരുന്നു. എന്നാൽ ആ സമയത്തൊന്നും അനുശ്രീ എന്ന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഒളിച്ചോടുകയായിരുന്നില്ല ചെയ്തിരുന്നത്.
തന്റെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും പാർട്ടിക്കും എതിരെ ഉയർന്നുവന്ന എല്ലാ ആരോപണങ്ങളിലും കൃത്യമായ മറുപടി അനുശ്രീക്ക് ഉണ്ടായിരുന്നു. ആർഷോ ജയിലിൽ തുടരുമ്പോൾ ആയിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉൾപ്പെടെ എസ്എഫ്ഐ പ്രതിസ്ഥാനത്തേക്ക് എത്തുന്നത്. വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസ് അക്രമിക്കപ്പെടുന്നതും ആർഷോയുടെ അസാന്നിധ്യത്തിൽ തന്നെയായിരുന്നു. അപ്പോഴും ആ പ്രതികൂല സാഹചര്യങ്ങൾ ഒക്കെയും ക്രിയാത്മക സമീപനങ്ങളിലൂടെ ആയിരുന്നു അനുശ്രീ നേരിട്ടത്. രാഹുൽഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്ത എസ്എഫ്ഐ പ്രവർത്തകരെ ന്യായീകരിക്കുകയല്ല അനുശ്രീ ചെയ്തിരുന്നത്. വരെ ആദ്യം തള്ളിപ്പറഞ്ഞവരുടെ കൂട്ടത്തിൽ അനുശ്രീ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. പിന്നെയും തുടരത്തുടരെ വിവാദങ്ങൾ എസ്എഫ്ഐയെ നിരന്തരം വേട്ടയാടിയപ്പോൾ പ്രതിരോധത്തിന്റെ കാഹളം മുഴക്കിയത് അനുശ്രീ എന്ന സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.
ചരിത്രത്തിൽ വളരെ കുറച്ചു വനിതകൾ മാത്രമാണ് സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്. ഒരുകാലത്ത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ കേരള രാഷ്ട്രീയത്തിൽ തിളങ്ങിയ സിന്ധു ജോയിയെ നമുക്ക് ഓർമ്മയുണ്ടാകും. എസ്എഫ്ഐക്ക് വേണ്ടി സമരത്തിൽ പങ്കെടുത്ത് സ്വന്തം കാലിനു വരെ ഗുരുതരമായ പരിക്ക് സിന്ധുവിന് ഏൽക്കേണ്ടിയും വന്നിട്ടുണ്ട്. പക്ഷേ പിൻകാലത്ത് സിപിഎം രാഷ്ട്രീയം ഉപേക്ഷിച്ച് സിന്ധു കോൺഗ്രസിലേക്ക് എത്തുകയും പിന്നീട് രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുകയും ആയിരുന്നു. സിപിഎം രാഷ്ട്രീയത്തിൽ ഇന്നില്ലെങ്കിലും സിന്ധു ജോയ് എന്ന വിപ്ലവ നേതാവ് എസ്എഫ്ഐയുടെ ചരിത്രത്തിലെ മികച്ച വനിതാ നേതാക്കളിൽ ഒരാളായിരുന്നു.
അതേ കരുത്താണ് ഇന്ന് അനുശ്രീ എന്ന വനിതാ നേതാവിലും കേരളം കണ്ടത്. വീണ്ടും എസ്എഫ്ഐ സമ്മേളന കാലത്ത് ആർഷോ മാറുമെന്ന ചർച്ചകൾ ഉയർന്നപ്പോഴും സെക്രട്ടറി സ്ഥാനത്തേക്ക് അനുശ്രീ എത്തുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടതോടെയാണ് എസ്എഫ്ഐ നേതൃത്വത്തിലേക്കുള്ള അനുശ്രീയുടെ സാധ്യതകൾ മങ്ങിയത്. ഇന്നിപ്പോൾ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളന നഗരിയിലെ ശ്രദ്ധ കേന്ദ്രം കൂടിയാണ് അനുശ്രീ. കണ്ണൂരിൽ നിന്നും ആരംഭിച്ച പതാകജാഥയിൽ സ്വരാജിനൊപ്പം നായകത്വം ഏറ്റെടുത്തത് അനുശ്രീ ആയിരുന്നു. പിണറായി സ്വദേശിനിയായ അനുശ്രീ മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ ഏരിയ കമ്മിറ്റിയിലെ അംഗം കൂടിയാണ്. ചുരുക്കിപ്പറഞ്ഞാൽ പിണറായി വിജയന്റെ എല്ലാ ആശിർവാദങ്ങളോടെയും ആണ് അനുശ്രീ കേരള രാഷ്ട്രീയത്തിലേക്ക് ജ്വലിക്കുവാൻ ഒരുങ്ങുന്നതെന്ന് സാരം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ അനുശ്രീ കേരളത്തില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റാകുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയാണ്. തുടക്കം ബാലസംഘത്തില്‍. ബ്രണ്ണനില്‍ ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കെ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായി. പിന്നീട് കണ്ണൂര്‍ സര്‍വ്വകലാശാലാ യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍, എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, ബിരുദാനന്തര ബിരുദ പഠനകാലത്ത് കാലടി സംസ്കൃത സര്‍വ്വകലാശാല യൂണിയന് ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങളിൽ അനുശ്രീ തിളങ്ങിയിട്ടുണ്ട്.
വരുന്ന തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് നിന്നും മാറിനിൽക്കുവാൻ ഏറ്റവും അധികം സാധ്യതയുള്ള സിപിഎം നേതാക്കളിൽ ഒരാളാണ് കെ കെ ശൈലജ. ഒന്നാം പിണറായി മന്ത്രിസഭയിൽ ഏറ്റവും മികച്ച മന്ത്രിയായിരുന്നിട്ടും രണ്ടാം പിണറായി സർക്കാരിൽ ഇടം ലഭിക്കാത്ത ഒരാൾ കൂടിയായിരുന്നു ശൈലജ. കോവിഡ് എന്ന മഹാമാരി ക്കെതിരായ ശൈലജയുടെ പോരാട്ടം വിജയം കണ്ടെങ്കിലും തൊട്ടടുത്ത പിണറായി വിജയൻ സർക്കാരിൽ ശൈലജ മന്ത്രിയായില്ലെന്നത് ശ്രദ്ധേയമായിരുന്നു. രണ്ടുതവണയിൽ കൂടുതൽ മത്സരരംഗത്ത് വന്നു എന്നതാണ് ശൈലജയെ അടുത്ത തവണ മാറ്റി നിർത്തുവാൻ കാരണം. കേരള നിയമസഭയിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ ആയിരുന്നു ശൈലജ കഴിഞ്ഞതവണ നിയമസഭയിലേക്ക് എത്തിയത്. ആ ഭൂരിപക്ഷം തന്നെ അവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയിരുന്നു. പൊതുജനങ്ങൾ അവരുടെ പ്രവർത്തനങ്ങളെ അംഗീകരിച്ചപ്പോൾ പാർട്ടി വേണ്ട പരിഗണന ശൈലജയ്ക്ക് നൽകിയതേയില്ല.
രണ്ടാം പിണറായി മന്ത്രിസഭയുടെ മങ്ങലായി മാറിയതും ശൈലജയുടെ അസാന്നിധ്യം തന്നെയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചാൽ ഉയർന്ന ഭൂരിപക്ഷം ലഭിക്കുമായിരുന്ന അവരെ ലോക്സഭയിലേക്കാണ് പാർട്ടി മത്സരിപ്പിച്ചത്. അതും വടകരയിൽ പരാജയം ഉറപ്പായ മണ്ഡലത്തിൽ പരീക്ഷണത്തിന് ഇറക്കിയത് പകപോക്കലെന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആകട്ടെ കോൺഗ്രസിന്റെ യുവ നേതാവ് ഷാഫി പറമ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് വിജയിക്കുകയായിരുന്നു. പാർട്ടിയിലെ ധാരണകൾ പ്രകാരം അടുത്ത തവണ മട്ടന്നൂരിൽ ശൈലജ മത്സരിക്കുന്നതിനുള്ള സാധ്യതകൾ കുറവാണ്.
അങ്ങനെ വരുമ്പോൾ പകരം പരിഗണിക്കപ്പെടുന്ന പേര് അനുശ്രീയുടെതാണ്. ക്രിയാത്മക രാഷ്ട്രീയ സമീപനങ്ങളും കരുത്തുള്ള നിലപാടുകളും യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന പ്രവർത്തന പരിചയവും അനുശ്രീക്ക് വിജയത്തിലേക്കുള്ള കുതിപ്പിന് കൂട്ടാകും. ശൈലജയുടെ ഭൂരിപക്ഷത്തോളം പാർട്ടി പ്രതീക്ഷിക്കുന്നില്ലെങ്കിലും അനുശ്രീയിലൂടെ മട്ടന്നൂർ കൈലൊതുക്കുവാൻ കഴിയുമെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുന്നു.