കോഴിക്കോട്: വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ എംഎല്‍എ പി വി അന്‍വറിനെ തള്ളി എല്‍ഡിഎഫ്. എംഎല്‍എ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പരിശോധന നടക്കുകയാണെന്നും അതിനിടെ പരസ്യപ്രസ്താവന നടത്തിയത് ഉചിതമല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന് പറഞ്ഞു.
അന്‍വര്‍ പാര്‍ട്ടിക്കെതിരെ കടന്നാക്രമണം നടത്തിയത് ഏതോ കേന്ദ്രങ്ങളില്‍ നടത്തിയ ഗുഢാലോചനയുടെ ഫലമാണെന്നും കണ്‍വീനര്‍ ആരോപിച്ചു. ആരോപണങ്ങളില്‍ ‘അന്‍വറിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമാണ്. മുന്നണിയുടെ ഭാഗമായി നില്ക്കുന്ന എംഎല്‍എ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് കടന്നാക്രമണം നടത്തിയത് ഏതോ കേന്ദ്രങ്ങളില്‍ നടത്തിയ ആലോചനയിലാണ്. വ്യാപകമായ പ്രചാര വേല യുഡിഎഫും ബിജെപിയും മുന്നണിയുടെ ശത്രുക്കളും നടത്തിയിട്ടുണ്ട്’, ടി പി രാമകൃഷ്ണന് പറഞ്ഞു.
പാര്‍ട്ടിക്ക് പുറത്തുള്ളവരും പാര്‍ട്ടിക്ക് പരാതികള്‍ അയക്കാറുണ്ട്. ഇതിനെല്ലാം നീതിപൂര്‍വ്വമായ നിലപാടാണ് സ്വീകരിക്കാറ്. സര്‍ക്കാരിനും മുന്നണിക്കും തലവന്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ കടന്നാക്രമിക്കുകയെന്നത് നേതൃത്വത്തെ തകര്‍ക്കുകയെന്ന നിലപാടിന്റെ ഭാഗമാണ്. മുന്‍പും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിച്ചിട്ടുണ്ട്.
അന്‍വറിന്റെ നിലപാട് പരിശോധിക്കും. ആരോപണങ്ങളുടെ രീതി ശരിയല്ല. ആരോപണം നൂറ് ശതമാനം ശരിയാവണമെന്നില്ല. പരിശോധന നടക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.