ബിനുകൃഷ്ണ /സബ് എഡിറ്റർ
ഡല്‍ഹി: അന്തരിച്ച സിപിഐഎം നേതാവും ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയുമായ കെകെ രാമചന്ദ്രന് നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ നടപടി സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2018 ലെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു രാമചന്ദ്രന്‍നായരുടെ മകനായ ആര് പ്രശാന്തിന് സര്‍ക്കാര്‍ നിയമനം നല്‍കിയത്. പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എഞ്ചിനീയറായിട്ടായിരുന്നു നിയമനം.
ഒരു എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കുമെന്ന് കോടതി ചോദിച്ചു. പ്രത്യേക അധികാരമുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചപ്പോള്‍ പ്രത്യേക അധികാരം ഇത്തരം കാര്യങ്ങള്‍ക്കല്ല ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ശമ്പളവും ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന പ്രശാന്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.
നിയമനം ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ആശ്രിതനിയമനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് മാത്രമാണെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. നിയമനം റദ്ദാക്കിയതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നായിരുന്നു അപ്പീലിലെ സംസ്ഥാന സര്‍ക്കാര്‍ വാദം.