ബെംഗളുരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുളള തിരച്ചില്‍ പുനരാരംഭിക്കുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ തിരിച്ച ഡ്രെഡ്ജര്‍ വെസല്‍ വൈകുന്നേരത്തോടെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചേരും. മുര്‍മഗോവ തുറമുഖത്ത് നിന്നാണ് ഡ്രെഡ്ജര്‍ പുറപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ അനുകൂലമെങ്കില്‍ വ്യാഴാഴ്ച ഡ്രഡ്ജിങ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച ശേഷമാകും കാര്‍വാറില്‍ നിന്ന് ഡ്രെഡ്ജര്‍ വെസല്‍ ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് നീങ്ങുക.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. എന്നാല്‍ ദൗത്യം തുടരണമെന്നാവശ്യപ്പെട്ട് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഷിരൂരില്‍ അര്ജുന് മണ്ണിടിച്ചിലില്‍പ്പെട്ട് അര്‍ജുനെ കാണാതാവുന്നത്.