- ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബർ ആക്രമണമാണ് കടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ളവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. പിന്തുണ ലഭിച്ചപ്പോഴും പലഘട്ടത്തിലായി പലരും കുടുംബത്തിൻറെ വൈകാരികത മാർക്കറ്റ് ചെയ്തുവെന്നും അർജുനെ കണ്ടെത്തിയശേഷം അഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നുവെന്നും ജിതിൻ ആരോപിച്ചു.
- എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫിൻറെ പ്രതികരണം. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. കൂടാതെ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വിശദമാക്കി.
- പി വി അൻവർ രൂപീകരിക്കുന്ന പാർട്ടിയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നും, അൻവറുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനോട് ഉണ്ടായിരിക്കില്ലെന്നും കെ ടി ജലീൽ എം എൽ എ. സിപിഎം ബന്ധം ഉപേക്ഷിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇവിടെ ഇല്ലെന്നും, അതിനാൽ അൻവർ രൂപീകരിക്കുന്ന പാർട്ടിയെ ശക്തമായി എതിർക്കുമെന്നും കെ ടി ജലീൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
- ‘ദി ഹിന്ദു’വിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. ‘ദ് ഹിന്ദു’ ദിനപത്രത്തിനും പിആർ ഏജൻസിക്കും എതിരെയാണ് പരാതി. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വർഗീയ സ്വഭാവമുള്ള പരാമർശമുണ്ടെന്നും പരാതിയിൽ പറയുന്നു.
- സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. . നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അൻവറിന്റെ പ്രഖ്യാപനം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്ത നേരത്തേ അൻവർ തള്ളിയിരുന്നു. യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു.
- യുവനടിയുടെ ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു. സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്. ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് താത്കാലികാശ്വാസം ലഭിച്ച സിദ്ദിഖ് പൊലീസിന്റെ ചോദ്യം ചെയ്യൽ നോട്ടീസിനായി കാത്തിരിക്കുകയാണ്. നോട്ടീസ് ലഭിച്ചാൽ ആ നിമിഷം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് തീരുമാനം. എന്നാൽ ഇതുവരെ സിദ്ദിഖിന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു.
- ബലാത്സംഗ കേസിൽ നടൻ നിവിൻ പോളി മുൻകൂർ ജാമ്യം തേടില്ല. എഫ്ഐആർ റദ്ദാക്കാൻ അപേക്ഷ നൽകേണ്ടതില്ലെന്നാണ് നടന്റെ തീരുമാനം. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടർന്നാണ് തീരുമാനം. സിനിമയിൽ അവസരം നൽകാമെന്ന് വാദ്ഗാനം ചെയ്ത് നിവിൻ പോളി ഉൾപ്പെടെ 6 പേർ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ നടനെതിരെ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. കേസിൽ നിവിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
- സിനിമാ താരം മഹേഷ് ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് മഹേഷ് അംഗത്വ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. എറണാകുളം ബിടിഎച്ച് ഹോട്ടലിലായിരുന്നു നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങ്. ബിജെപി അംഗത്വ ക്യാംപെയിനിലൂടെ കൂടുതൽ പ്രമുഖർ പാർട്ടിയിലെത്തുമെന്നു കെ സുരേന്ദ്രൻ പറഞ്ഞു.
- കേരളത്തിൽ ഇന്ന് മുതൽ ഒക്ടോബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നൽ സാധ്യതയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിപ്പുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
- മഹാരാഷ്ട്രയിലെ പുണെയിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. ഹെലികോപ്റ്ററിന്റെ പൈലറ്റ് കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിള്ളയാണ് മരിച്ചത്.വ്യോമസേനയിൽ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്. ഇന്ന് രാവിലെ 7.45ന് പൂണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. മൂന്നുപേരാണ് അപകടത്തിൽ മരിച്ചത്.
- അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് ഇസ്രയേലി ജനത. ഓപ്പറേഷൻ ട്രൂ പ്രോമിസ് 2 എന്ന് പേരിട്ട് ഇസ്രയേലിന് മേൽ ഇറാൻ തീക്കാറ്റ് പോലെ ഉപയോഗിച്ചത് മാരക ശേഷിയുള്ള ‘ഫതഹ്’ മിസൈൽ ആണ്. അപായ സൈറണുകൾക്ക് പിന്നാലെ ഒറ്റ രാത്രികൊണ്ട് വന്നുപതിച്ചത് 181 ബാലിസ്റ്റിക്ക് മിസൈലുകളാണ്. ഗദ്ദർ, ഇമാദ് എന്നീ മിസൈലുകൾക്കൊപ്പം ഏറ്റവും പുതിയ ഫതഹ് ഹൈപ്പർ സോണിക് മിസൈലുകളും ഇറാൻ ഇസ്രയേലിനെതിരെ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്.
- യുവേഫ ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്കെതിരെ തകർപ്പൻ വിജയവുമായി ആർസനൽ. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ആർസനൽ പിഎസ്ജിയെ വീഴ്ത്തിയത്. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.
ഇന്നത്തെ പ്രധാനവാര്ത്തകള്
മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം
Leave a comment
Leave a comment