തിരുവനന്തപുരം: ശമ്പളവർദ്ധനവടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന സമരം ഇന്നേക്ക് അമ്പതാം ദിവസം പിന്നിട്ടതോടെ സമരം ശക്തമാക്കി ആശമാർ. നിരാഹാരസമരത്തിന് പിന്നാലെ പ്രതിഷേധത്തിന്റെ ഭാഗമായി സമരത്തിലിരിക്കുന്ന ആശമാരുടെ മുടി പൂർണമായും നീക്കം ചെയ്തും മുടി മുറിച്ചുമാണ് ആശമാർ സമരം കടുപ്പിച്ചിരിക്കുന്നത്. അമ്പത് ദിനരാത്രങ്ങള്‍, രാവും പകലും, മഴയും മഞ്ഞും, പൊരിവെയിലും കൊണ്ടിട്ടും ഒന്ന് തിരിഞ്ഞ് നോക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആശമാർ വ്യക്തമാക്കി.
നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നവര്‍ അടക്കം നൂറോളം ആശ വര്‍ക്കര്‍മാരാണ് മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളിയായത്.
അമ്പത് ദിവസം സമരം പിന്നിട്ടിട്ടും സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു.