പപ്പടത്തിന് വേണ്ടിയുള്ള കൂട്ടയടി കണ്ടിട്ടുള്ളവരാണ് നമ്മള്. എന്തിനേറെ മിക്സച്ചറിലെ കപ്പിടണ്ടിക്ക് വേണ്ടിയും ചിക്കന്റെ ഗ്രേവിക്ക് വേണ്ടിയും അടിയോടടി നടന്നിട്ടുണ്ട്. ഇത്തവണത്തെ തല്ല് ഷവര്‍മയ്ക്കൊപ്പമുള്ള പച്ചമുളകിന്റെ വലുപ്പം കുറഞ്ഞതിനാണ്.
മലപ്പുറം പുത്തനത്താണി കുട്ടിക്കളത്താണിയില് പ്രവര്‍ത്തിക്കുന്ന NJ ബേക്ക്സ് & കഫേയിലാണ് ബേക്കറി ഉടമകള്‍ക്ക് പച്ചമുളകിന്റെ വലുപ്പം കുറഞ്ഞതിന്‍രെ ക്രൂരമര്ദ്ദനമേല്ക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
കാറില്‍ ബേക്കറിയ്ക്കു മുന്നിലെത്തിയ നാലംഗ സംഘം വാഹനത്തില്‍ ഇരുന്നു തന്നെ ബര്‍ഗറും ഷവര്‍മയും ഓര്‍ഡര്‍ ചെയ്തു.തുടര്‍ന്ന് ബര്‍ഗര്‍ ക്യാന്‍സല്‍ ചെയ്യുകയും ഓര്‍ഡര്‍ ചെയ്ത ഷവര്മയുമായി കടയുടമ കരീം കാറിന് സമീപമെത്തി നല്‍കുകയും ചെയ്തു.
ശേഷമാണ് ഷവര്‍മയിലെ മുളകെടുത്ത് കാണിച്ച് സംഘം പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്നത്. ഇത്ര ചെറിയ മുളകാണോ ഷവര്‍മയ്ക്കൊപ്പം നല്‍കുന്നതെന്നായിരുന്നു സംഘത്തിന്റെ ചോദ്യം. പിന്നാലെ നിങ്ങള്‍ എവിടുത്തുകാരാണെന്ന് ചോദിക്കുകയും വയനാടുകാരെന്ന് പറഞ്ഞപ്പോള്‍ വയനാട് കേറാന്‍ സമ്മതിക്കില്ലായെന്നുമായി സംഘം.
കരീമിനെ കാറിലുണ്ടായിരുന്ന ഇരുമ്പ് വടിയെടുത്ത് സംഘം അടിക്കുകയും. മക്കളായ സബീല്‍, അജ്മല്‍ എന്നിവരെ പരുക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശേഷം നാട്ടുകാര്‍ കൂടിയതോടെ സംഘം കടന്നു കളഞ്ഞു. വയനാട് മേപ്പാടി കുന്നംപറ്റ സ്വദേശികളായ കരീം മക്കളായ സബീല്‍ ,അജ്മല്‍ എന്നിവര്‍ ചേര്‍ന്ന് മൂന്ന് മാസമായി കട നടത്തുന്നവരാണ്. സംഭവത്തില്‍ കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.