തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തി. വെറ്റിലപ്പാറ ഭാഗത്താണ് ആനയെ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ആന ഉണ്ടായിരുന്ന തുരുത്തിൽ തന്നെയാണ് മറ്റ് രണ്ട് ആനകൾക്കൊപ്പം ഈ ആനയെയും കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി വനവകുപ്പ് ഉദ്യോഗസ്ഥർ ആനയ്ക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു. വൈൽഡ് ലൈഫ് ചീഫ് സർജൻ ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് അണയ്ക്കായി തെരച്ചിൽ നടത്തിയിരുന്നത്.
ചാലക്കുടിപ്പുഴയിലെ തുരുത്തിൽ നിന്ന് മാറ്റി മയക്കുവെടി വെക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി പടക്കം പൊട്ടിച്ചതോടെയാണ് ആന കഴിഞ്ഞദിവസം ഉൾക്കാട്ടിലേക്ക് കയറിപ്പോയത്. തുടർന്ന്, ബുധനാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിൽ ആനയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദൗത്യസംഘം വിപുലീകരിച്ച് മൂന്ന് ഗ്രൂപ്പുകളായി വ്യാഴാഴ്ച പകൽ മുഴുവൻ പരിശോധന നടത്തിയത്. എന്നാൽ, നിരാശയായിരുന്നു ഫലം. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് ഡോ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാം ദിവസത്തെ ദൗത്യം അവസാനിപ്പിച്ചത്.